തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നുവെന്ന് തോന്നി; കരാറുകാരനെതിരെ ക്വട്ടേഷന്‍ കൊടുത്ത് ബാങ്ക് ഉദ്യോഗസ്ഥ; വീട്ടിൽ കയറി വെട്ടിയ നാലംഗ സംഘം പിടിയിൽ
സ്വന്തം ലേഖകൻ
പരിയാരം: ബാങ്ക് ഉദ്യോഗസ്ഥയുടെ ക്വട്ടേഷന്‍ പ്രകാരം കരാറുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ എസ്.ഐ. കെ.വി.സതീശന്‍ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെയാണ് (52) ഇവർ വധിക്കാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയും പടന്നപ്പാലത്തെ ഫ്‌ലാറ്റില്‍ താമസക്കാരിയുമായ സീമയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ കോട്ടയത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുന്നുവെന്ന് തോന്നിയാണ് മുന്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രതീഷിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക വിവരം.
ഏപ്രില്‍ 18-നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ രാത്രിയില്‍ നാലു പേര്‍ പിടിച്ചിറക്കി വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു.
രണ്ടു മാസം മുമ്പാണ് സീമ ക്വട്ടേഷന്‍ നല്‍കിയത്. മുമ്പ് ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്താണ് രതീഷിനെ പരിചയപ്പെട്ടത്.
10,000 രൂപ അഡ്വാന്‍സ് കൈപ്പറ്റിയ രതീഷ് പല ഘട്ടങ്ങളിലായി മൂന്നു പേരെ സംഘത്തില്‍ കൂട്ടി സുരേഷ് ബാബുവിനെ നിരവധി തവണ പിന്തുടരുകയും അവസാനം വീട്ടുവരാന്തയിലെത്തി ആക്രമിക്കുകയുന്നു.
സുധീഷും ജിഷ്ണുവുമാണ് അക്രമം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയതെന്ന് പോലീസ് പറഞ്ഞു. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല.
പ്രതികള്‍ ശ്രീസ്ഥ-ഭാസ്‌കരന്‍പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയില്‍ ഉപേക്ഷിച്ചു. ഇത് തളിപ്പറമ്പിലെ ഒരു കടയില്‍നിന്നാണ് വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ രതീഷും അഭിലാഷും ബൈക്കില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.