
കൊച്ചി: കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോള്‍സ് പള്ളിയില്‍ യാക്കോബായ – ഓർത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ വൈദികൻ ആറ് പേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരം ഏകദേശം 5.30 ഓടെയായിരുന്നു സംഭവം.
ഓർത്തഡോക്സ് സഭയ്ക്ക് അനുവദിച്ച സമയക്രമ പ്രകാരമായിരുന്നു പള്ളിയിലെ പെരുന്നാള്‍ ചടങ്ങുകള്‍ നടക്കുന്നത്. ഗീവർഗീസ് സഹദായുടെ പെരുന്നാളിനിടെ ഓർത്തഡോക്സ് വികാരി ഫാ. പോള്‍ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാം കൂടി എത്തിയതിനെ യാക്കോബായ വിഭാഗം ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കം.
ചടങ്ങുകള്‍ നടത്താനുള്ള അവകാശം വികാരിക്കു മാത്രമാണെന്ന് യാക്കോബായ വിഭാഗം നിലപാട് എടുത്തു. എന്നാല്‍, സഭയ്ക്ക് അനുവദിച്ച സമയങ്ങളില്‍ ഒന്നിലധികം വൈദികർ പങ്കെടുക്കുന്നത് പതിവാണെന്ന് ഓർത്തഡോക്സ് വിഭാഗം വാദിച്ചു. ഇതോടെ വാക്കേറ്റം ശക്തമായി, പിന്നീട് അത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. കുരുമുളക് സ്പ്രേ പ്രയോഗിച്ചതാണ് പരിക്കിന് കാരണമായതെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയില്‍ നേരത്തെ തന്നെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് ഇടപെട്ടതിന് ശേഷം പള്ളിയിലെ പ്രാർത്ഥനാ ചടങ്ങുകള്‍ പൂർത്തിയാക്കി.







