
പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. 18 കോച്ചുകളായിരുന്നത് 16 ആയാണ് കുറച്ചിരിക്കുന്നത്. ഇതിനൊപ്പം സ്റ്റോപ്പുകൾ കൂട്ടുകയും ചെയ്തു. പാലക്കാട് ജംഗ്ഷൻ മുതൽ എറണാകുളം കോട്ടയം കൊല്ലം വഴി തൂത്തുക്കുടി വരെ പോകുന്ന ട്രെയിനിൽ 75 ശതമാനവും സ്ഥിരയാത്രക്കാരാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ പുറപ്പെടുന്ന പാലക്കാട് സ്റ്റേഷനിൽ തന്നെ മുഴുവൻ സീറ്റുകളും നിറഞ്ഞിരിക്കും. പിന്നീട് അടുത്ത സ്റ്റേഷനുകൾ മുതൽ ശ്വാസം മുട്ടുന്ന തരത്തിലുള്ള വലിയ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോടൊപ്പം അപകടസാധ്യത ഉയർത്തുകയും ചെയ്യുന്നു.
സ്കൂൾ അവധി കഴിയുമ്പോൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തിരക്കും വൻതോതിൽ അനുഭവപ്പെടും. വൈകുന്നേരം ജോലി കഴിഞ്ഞ് വരുന്നവർക്കും വിദ്യാർത്ഥികൾക്കും ഏക ആശ്രയമാണ് പാലരുവി എക്സ്പ്രസ്. കോച്ചുകൾ കുറയ്ക്കുയും സ്റ്റോപ്പ് കൂട്ടുകയും ചെയ്തതിനെതിരെ യാത്രക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്. കോച്ചുകൾ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.






