
പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ് സി-എസ്ടി കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ പ്രശോഭ് വി. വത്സനെതിരായ കേസ്.
ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം അതിജീവിത ഇന്നലെ കോടതിയില്‍ ഹാജരായി അടച്ചിട്ട കോടതി മുറിയില്‍ ജഡ്ജിക്ക് മൊഴി നല്‍കി. പാലക്കാട് സ്വദേശിയായ ദളിത് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.
ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. സംഭവം രാഷ്ട്രീയമായി വലിയ ചർച്ചകള്‍ക്കാണ് പാലക്കാട്ട് വഴിതുറന്നിരിക്കുന്നത്. പ്രശോഭിന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുന്നു.
വിവാദം കത്തിയതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. ധാർമ്മികതയുണ്ടെങ്കില്‍ കൗണ്‍സിലർ സ്ഥാനം രാജിവെക്കണമെന്നായിരുന്നു പാർട്ടിയുടെ നിലപാട്.



