പാലാ കടനാട് തുമ്പിമല ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം; ഭീതിയിലായി ജനങ്ങൾ
പാലാ: കടനാട് തുമ്പിമല ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
സമീപവാസിയായ തടത്തില്‍ രവിയാണ് പുലിയെ കണ്ട വിവരം നാട്ടുകാരെ അറിയിച്ചത്.
തുമ്പിമലയിലെ നാല്പത് ഏക്കറോളം വരുന്ന കാട് നിറഞ്ഞ ജനവാസമില്ലാത്ത സ്ഥലത്തുകൂടി നടന്നുവരുമ്പോഴാണ് രവി പുലിയെ കണ്ടത്. ഇവിടെയുള്ള മൊബൈല്‍ ടവറിന് സമീപം പാറപ്പുറത്തുനിന്ന് എന്തോ ചാടുന്ന ശബ്ദം കേട്ട് നോക്കിയപ്പോള്‍ വാലുയർത്തി നില്‍ക്കുന്ന പുലിയെയാണ് കണ്ടതെന്ന് രവി പറയുന്നു. പിൻവശമാണ് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ കാല്‍പെരുമാറ്റം കേട്ടതോടെ കാട്ടിലേക്ക് പുലി ചാടിയെന്നാണ് രവി പറയുന്നത്. ഭയന്നുപോയ ഇയാള്‍ അവിടെനിന്നും ഓടി രക്ഷപെടുകയായിരുന്നു.
പിന്നീട് വിവരം കടനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ഉഷാ രാജുവിനെ അറിയിച്ചു. ഇക്കാര്യം മെമ്പർ ഫോറസ്റ്റ് അധികാരികളെയും രാമപുരം, മേലുകാവ് പൊലീസ് അധികാരികളെയും അറിയിച്ചു. ഫോറസ്റ്റ് അധികൃതർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മെമ്ബർ ഉഷാ രാജു പറഞ്ഞു.