മുന്തിയ ഇനം ‘നാലാമത്തെ’ റോമന്‍ കാത്തലിക്ക് കുഞ്ഞുങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍; ഒരു കുടുംബത്തിലെ നാല് മുതലുള്ള കുട്ടികളുടെ പ്രസവച്ചിലവ് സൗജന്യം; മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സൗജന്യ പഠനം; സമുദായത്തിന്റെ അംഗബലം വര്‍ധിപ്പിക്കാന്‍ പരസ്യ നോട്ടീസ്; കുഞ്ഞാടുകളുടെ അംഗബലം കൂട്ടാൻ പുതിയ പാക്കേജുകളുമായി പാലാ രൂപതയിലെ മതമേലധ്യക്ഷന്മാര്‍
സ്വന്തം ലേഖകന്‍
കോട്ടയം: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്ന അംഗങ്ങള്‍ക്ക് മോഹനസുന്ദര വാഗ്ദാനങ്ങളുമായി പാലാ രൂപത. മൂന്ന് കുട്ടികൾ ഉള്ളവർ സൗജന്യത്തിന് അര്‍ഹരല്ല.
നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ മാത്രമേ ഈ പാക്കേജില്‍ ഉള്‍പ്പെടുത്തൂ. പ്രസവചെലവ്, നഴ്സിംഗ് കോളേജില്‍ പഠനം എന്നിവയാണ് പാലാ രൂപത നല്‍കുന്ന സവിശേഷ സൗജന്യങ്ങള്‍. നാല് മുതല്‍ അങ്ങോട്ടുള്ള കുഞ്ഞുങ്ങളുടെ പ്രസവവും നഴ്‌സിങ്ങ് പഠനവും സൗജന്യത്തില്‍ ഉള്‍പ്പെടുത്തുന്ന സഭ, മിനിമം പതിമൂന്ന് വര്‍ഷക്കാലം നീളുന്ന പ്രാഥമിക വിദ്യാഭ്യാസത്തിന്റെയും കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ചികിത്സാ ചിലവുകളുടെ കാര്യത്തിലും മൗനത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എടുത്ത് പറയേണ്ട കാര്യം എന്തെന്നാല്‍ പാക്കേജില്‍ പറയുന്ന സ്ഥാപനങ്ങളില്‍ മാത്രമേ സൗജന്യം ലഭിക്കൂ. പ്രസവച്ചിലവ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രിയിലുമാണ് സൗജന്യം. നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ സൗജന്യ പഠനം.
മറ്റ് മതങ്ങളില്‍ ഉള്ളവര്‍ക്കോ മറ്റ് രൂപതകളിലുള്ള ക്രിസ്ത്യാനികള്‍ക്കോ ഈ വമ്പിച്ച ഓഫര്‍ കിട്ടുമെന്ന് കരുതേണ്ട.
നാം രണ്ട് നമ്മുക്ക് രണ്ട് എന്ന് സര്‍ക്കാര്‍ പറയുന്നത് അറിയാഞ്ഞിട്ടല്ല. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ജനസംഖ്യ ഇനിയും കൂട്ടണം എന്നു വാശിപിടിക്കുന്നവര്‍ റിസോഴ്‌സസിനെപ്പറ്റി ചിന്തിക്കുന്നില്ല. അഡോപ്ഷനെ പ്രോത്സാഹിപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്.
സ്വന്തം കുഞ്ഞ് ഉണ്ടെങ്കിലും ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്ത് വളര്‍ത്തുന്ന ദമ്പതികളും ‘സ്വന്തം രക്തത്തിലുണ്ടാവാത്ത’ കുഞ്ഞുങ്ങളെയും സ്‌നേഹിക്കാന്‍ മനസ്സുള്ള ദമ്പതികളും ഉള്‍പ്പെടുന്ന തലമുറയാണിത്.
എല്‍ജിബിടിക്യു തുടങ്ങിയ വിഭാഗങ്ങള്‍ക്ക് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താനുള്ള നിയമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ഒരു വീട്ടില്‍ മിനിമം നാല് കുട്ടികള്‍ വേണമെന്ന് പാലാ രൂപത പറയാതെ പറയുന്നത്. ഇതിലൂടെ സഭയുടെ അംഗബലം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
ശാസ്ത്ര-സാങ്കേതികവിദ്യ, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളിലൂടെ സമ്പത്തിന്റെ ഉദ്പാദനം വര്‍ദ്ധിപ്പിക്കപെട്ടതുകൊണ്ട് മാത്രമാണ് ദാരിദ്ര്യത്തിലും രോഗപീഡകളിലും തകര്‍ന്നടിയാതെ നാട് പിടിച്ചുനില്‍ക്കുന്നത്. ജനപ്പെരുപ്പം കൊണ്ട് വലയുന്ന ഒരു രാജ്യത്ത് കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹമല്ല ഇത്തരം പരസ്യങ്ങളും പാക്കേജുകളും ഉളുപ്പില്ലാതെ പുറത്തിറക്കാന്‍ പാലാ രൂപതയെ പ്രേരിപ്പിച്ചത്.
അതിന് പിന്നില്‍ സ്വന്തം മതത്തില്‍ ആളെ കൂട്ടുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. തലയെണ്ണി സ്റ്റേറ്റിനോട് വിലപേശാനും മതപ്പണിക്ക് കൂടുതല്‍പ്പേരെ ലഭ്യമാക്കാനും ഇത്തരം പാക്കേജുകള്‍ ഉപകരിക്കും..!
സിസ്റ്റര്‍ ലൂസിയെ പോലെയുള്ള സന്യസ്തര്‍ മഠത്തിന് പുറത്ത് നിരാഹാരം കിടക്കുന്നു. മഠത്തിന്റെ വാതിൽ തുറന്ന് അകത്തേക്ക് പോകുന്നവരെ കിണറ്റിൽ നിന്നാണ് പുറത്തെടുക്കുന്നത്. ദൈവവിളി കിട്ടിയവര്‍ എന്ന പഴയ നമ്പരും പുതിയ തലമുറയുടെ അടുത്ത് വിജയിക്കില്ല. എന്നാൽ ഇത്തരം സൗജന്യങ്ങള്‍ നല്‍കി കുട്ടികളെ ഉണ്ടാക്കിയാല്‍, അവരെ ചൊല്‍പ്പടിക്ക് നിര്‍ത്താനും സഭയ്ക്ക് പറ്റും.
സണ്‍ഡേ സ്‌കൂളിലും മദ്രസയിലും വേദാന്ത ക്ലാസുകളിലുമാണ് ഏറ്റവുമധികം ബാലപീഡനങ്ങള്‍ നടക്കുന്നതെന്നതാണ് സത്യം. അവിടെയും കുഞ്ഞുങ്ങള്‍ കുറഞ്ഞു. മതത്തില്‍ വിശ്വസിച്ച് വന്ന തലമുറ പോലും ആ പ്രാകൃത സംസ്‌കാരത്തില്‍ നിന്നും പുറത്ത് വന്ന് തുടങ്ങി.
പിന്നെയാണോ ജനിക്കുമ്പോള്‍ മുതല്‍ ലോകം കണ്ട് വളരുന്ന കുഞ്ഞുങ്ങള്‍ മതക്കച്ചവടത്തിന് കുട പിടിക്കുമെന്ന് കരുതി നിങ്ങള്‍ സൗജന്യം വച്ച് നീട്ടുന്നത്..?