Wednesday, April 22, 2026

ശബരിമല തീർഥാടന പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല

Spread the love

കോട്ടയം (പൊൻകുന്നം): ശബരിമല തീർഥാടന പാതയുടെ ഭാഗമായ പാലാ- പൊൻകുന്നം റോഡിൽ തീർഥാടക വാഹനങ്ങളുടെ തിരക്ക് തുടങ്ങി. ശബരിമല നട തുറന്ന ആദ്യ ദിനമായ ഇന്നലെ പുലർച്ചെ എരുമേലിയിൽ തിരക്കു വർധിച്ചതിനാൽ ഇവിടേക്കെത്തുന്ന വാഹനങ്ങൾ പൊൻകുന്നം – പാലാ റോഡിൽ ഇളങ്ങുളം ക്ഷേത്ര മൈതാനത്തും റോഡരികിലുമായി പൊലീസ് തടഞ്ഞിട്ടു. രാവിലെ എട്ടുമണിയോടെ ഘട്ടം ഘട്ടമായാണ് വാഹനങ്ങൾ എരുമേലിയിലേക്കു വിട്ടത്.

video
play-sharp-fill

അപകടങ്ങൾ കൂടുതലായി ഉണ്ടാകുന്ന റോഡിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല. ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പാലാ – പൊൻകുന്നം റോഡിൽ മണ്ഡലകാലത്ത് തിരക്ക് പത്തിരട്ടിയോളമാണ്.

വഴിയരികിൽ താൽക്കാലിക കടകൾക്കു മുൻപിലും ഇടറോഡുകൾ ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ റോഡരികിൽ തടികൾ കൊണ്ടിടുന്നതും ഇവ ലോറികളിലേക്ക് കയറ്റുന്നതും രാത്രി തടിലോറികൾ നിരയായി നിർത്തിയിടുന്നതും അപകട ഭീഷണി ഉയർത്തുന്നു. പൊൻകുന്നം ടൗണിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം രാത്രി റോഡിന്റെ ഇരുവശത്തും ബസുകൾ പാർക്ക് ചെയ്യുന്നതും മണ്ഡല കാലത്ത് ഒഴിവാക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലകാലത്ത് ആവശ്യമായ ഒരുക്കങ്ങൾ റോഡിൽ ചെയ്തിട്ടില്ല. റീടാറിങ് നടത്തിയ ഭാഗങ്ങളിൽ ഇതുവരെ അടയാള വരകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പൈക മുതൽ എലിക്കുളം വരെയുള്ള റോഡ് അടുത്തിടെ റീടാറിങ് നടത്തിയ ഭാഗത്ത് അടയാള വരകളില്ല.

ഇരുവശത്തെയും നടുവിലെയും വരകളിൽ റിഫ്ലക്ടറുകളുണ്ടായിരുന്നത് രാത്രി വഴി കൃത്യമായി മനസ്സിലാക്കാൻ ഡ്രൈവർമാരെ സഹായിച്ചിരുന്നു. ഇപ്പോൾ പകലും രാത്രിയും റോഡിന്റെ മധ്യഭാഗം തിരിച്ചറിയാതെ വാഹനങ്ങൾ ഓടുന്നുണ്ട്. അന്യസംസ്ഥാന വാഹനങ്ങൾ റോഡിലെ അപകട സാധ്യതകൾ മനസ്സിലാക്കാതെ അമിതവേഗത്തിലാണു കടന്നുപോകുന്നത്. വളവുകളും ഇറക്കവും കയറ്റവുമുള്ള പാതയിൽ അമിതവേഗവും അശ്രദ്ധമായ മറികടക്കലും മുൻപ് ഒട്ടേറെ അപകടങ്ങൾക്കിടയാക്കിയിട്ടുണ്ട്. 21 കിലോമീറ്റർ ദൂരമുള്ള റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണ്. രുവശത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ലൈറ്റുകൾ ഡിപ് ചെയ്യാതെ കടന്നുപോകുമ്പോൾ വഴിയാത്രക്കാരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.