Spread the love

കൊച്ചി: പഴയ ട്രാഫിക് നിയമനലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസ് ഇ-ചെലാൻ അദാലത്ത് തിരക്കില്‍ മുങ്ങി.
ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് രൂപയാണ് പിഴയിനത്തില്‍ അടച്ചത്. വാഹന നമ്പർ പരിശോധിക്കാൻ എത്തിയ പലർക്കും കാത്തിരുന്നത് ഞെട്ടലായിരുന്നു. ചിലർക്ക് 10 ചെലാൻ, ചിലർക്ക് 30, ഒരാള്‍ക്ക് 60 വരെ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.

video
play-sharp-fill

സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യല്‍, ട്രിപ്പിള്‍ റൈഡിങ് തുടങ്ങിയവയാണ് കൂടുതലും രേഖപ്പെടുത്തിയ നിയമ ലംഘനങ്ങള്‍. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്ന് നടത്തുന്ന ‘അമ്നസ്റ്റി സ്കീം 2026’യുടെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്. കളക്ടറേറ്റ് സമുച്ചയത്തിലുള്ള ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ വാഹന ഉടമകള്‍ ഒഴുകിയെത്തി. മൊബൈലില്‍ ലഭിച്ച പിഴ സന്ദേശങ്ങള്‍ അവഗണിച്ചവരാണ് കൂടുതലും ഇവിടെ എത്തിയത്.

വാദങ്ങള്‍ ഉന്നയിച്ചവർക്ക് മുന്നില്‍ ഉദ്യോഗസ്ഥർ ഫോട്ടോ തെളിവുകള്‍ കാട്ടിയതോടെ പലരും പിഴ അടയ്ക്കാൻ തയ്യാറായി. പൂർണ തുക അടയ്ക്കേണ്ട സ്ഥാനത്ത് പകുതി തുക കൊണ്ട് തീർപ്പാക്കാമെന്നത് വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമായി. രാവിലെ 10 മുതല്‍ വൈകിട്ട് 5 മണി വരെ നടന്ന അദാലത്തില്‍ 332 ചെലാനുകള്‍ തീർപ്പാക്കി. ഇതിലൂടെ 12.5 ലക്ഷം രൂപ പിഴയായി പിരിഞ്ഞതായി എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലർക്ക് 30 മുതല്‍ 60 വരെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ എത്തിയ കേസുകള്‍ക്കും പ്രത്യേക അനുമതിയോടെ അദാലത്തിലേക്ക് തിരിച്ച്‌ വിളിച്ച്‌ പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
ഈ മാസം 30 വരെ തുടരുന്ന അദാലത്ത്, 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ പിഴകള്‍ക്ക് ഇളവോടെ തീർപ്പാക്കാനുള്ള അവസരമാണ്.

സമയം കഴിഞ്ഞാല്‍ പിഴ മുഴുവനായി അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈൻ വഴിയും പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്.