ഈ കൊച്ചുവെളുപ്പാൻ കാലത്തും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി വഴി നീളെ കാത്തു നിക്കുന്നത് ആയിരങ്ങൾ ; വിലാപയാത്ര തിരുവല്ല പിന്നിടുന്നു
സ്വന്തം ലേഖകൻ
പത്തനംതിട്ട: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവല്ല പിന്നിട്ടു. രാത്രി വൈകിയും വഴിയുലുടനീളം കാത്തു നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കമുള്ള വൻ ആള്‍ക്കൂട്ടത്തിൽ അലിഞ്ഞാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്ര.
പ്രിയ നേതാവിനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ ആയിരങ്ങളാണ് ഓരോ സ്ഥലത്തും കാത്തുനിൽക്കുന്നത്. വഴി നീളെയുള്ള ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര 21 മണിക്കൂർ പിന്നിടുമ്പോൾ തിരുവല്ല പിന്നിട്ട് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കാന്‍ പോവുന്നതേയുള്ളൂ. നേരം പുലര്‍ന്ന ശേഷം മാത്രമേ തിരുനക്കര എത്താന്‍ സാധിക്കൂ എന്നാണ് നേതാക്കള്‍ അറിയിക്കുന്നത്.
സമാനതകളില്ലാത്ത ഒരു അന്ത്യയാത്രാമൊഴിക്കാണ് കേരളം ഇന്നലെ മുതൽ സാക്ഷ്യം വഹിക്കുന്നത്. ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ, തങ്ങളുടെ ജനകീയനായ നേതാവിനെ കേരളം എത്ര കണ്ട് ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, എന്നത് വ്യക്തമാകുന്നതാണ് വഴിനീളെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന്‍റെ കാഴ്ച.
ചെങ്ങന്നൂരും പന്തളത്തും അടൂരും ഏനാത്തും കൊട്ടാരക്കരയിലും വികാര നിർഭരമായ രംഗങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോയത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു.
രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കൊല്ലം ജില്ലയിൽ പ്രവേശിച്ചത്. രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ച വാഹനവ്യൂഹം പുലര്‍ച്ചെ മൂന്നരയോടെയാണ് ചെങ്ങന്നൂരില്‍ എത്തിയത് അഞ്ച് മണിയ്ക്ക് തിരുവല്ല പിന്നിടുകയും ചെയ്തു.
തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നിന്നത്. ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടം ഉമ്മൻചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തി. പുഷ്‌പാലംകൃത വാഹനത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.