
കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലില്‍ കരിയുന്നതു കര്‍ഷകരുടെ ഓണ പ്രതീക്ഷകളും. ഓണത്തിനു വറുത്തുകോരാനുള്ള ഉപ്പേരിയ്‌ക്കായി വാഴക്കൃഷി സജീവമാകുന്ന സമയത്തെ കഠിനമായ വേനല്‍ തിരിച്ചടിയാകുമെന്നാണു കര്‍ഷക ഭയം.
ഓണക്കാല പച്ചക്കറി കൃഷിയ്‌ക്കുള്ള മുന്നൊരുക്കങ്ങളെയും ചൂട് ബാധിക്കും. ചൂടേറിയ മണ്ണില്‍ നിന്നു മണ്ണിരകള്‍ ഉള്‍പ്പെടെ നശിക്കുന്നതു ഭാവികൃഷിയെയും ബാധിക്കുമെന്ന ഭയവും കര്‍ഷകരിലുണ്ട്.
ഓഗസ്‌റ്റ് അവസാന വാരമാണ് ഇത്തവണ ഓണം. ഓഗസ്‌്റ്റ് ആദ്യം നേന്ത്രക്കായ മൂപ്പെത്തിയാല്‍ മാത്രമേ ഓണത്തിനു നാടന്‍ ഉപ്പേരിയും ശര്‍ക്കരവരട്ടിയും ആവശ്യത്തിനു രുചിക്കാനാകൂ. കര്‍ഷകര്‍, ഫെബ്രുവരിയില്‍ തന്നെ വാഴ നട്ടു പരിചരണം ആരംഭിച്ചിരുന്നുവെങ്കിലും വേനല്‍ രൂക്ഷമായതു തിരിച്ചടിയായി. പാടശേഖരങ്ങളില്‍ നട്ട വാഴകള്‍ക്കും പോലും സുഗമമായ ജലസേചനം നടത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്‌്.
വേനല്‍ മഴ പ്രതീക്ഷയില്‍ കര പ്രദേശങ്ങളില്‍ നട്ട വാഴ പലയിടങ്ങളിലും കരിഞ്ഞു തുടങ്ങി.വിത്തു നടുന്നതു മുതല്‍ കുലയാകുന്നതു വരെ വെള്ളവും വളവും കൃത്യമായി ലഭിച്ചെങ്കില്‍ മാത്രമേ ഓണത്തിനു കുലവെട്ടാന്‍ കഴിയൂ. വേനല്‍ രൂക്ഷമായതിനാല്‍ കുലയാകാന്‍ വൈകുകയോ സമയത്തു കുലച്ചാലും തൂക്കം കുറയുകയോ ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ സീസണിലേക്കായി നട്ട ചേനയുടെ വിളവും കുറയുമെന്നു കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. നന സജീവമായി നടക്കുന്നുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന വെയിലില്‍ ചേനയുടെ തൂക്കം കുറയാനുള്ള സാധ്യത കര്‍ഷകര്‍ കാണുന്നു. നാടന്‍ ഞാലിപ്പൂവനും പാളയംകോടനും ഓണ വിപണിയില്‍ കാണാനേ സാധ്യതയില്ലെന്ന് ഇവര്‍ പറയുന്നു. കര പ്രദേശങ്ങളിലെ വാഴക്കൃഷി പാടേ നശിച്ച അവസ്‌ഥയാണ്. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് മുതല്‍ വേനല്‍ മഴ സജീവമായിരുന്നതിനാല്‍ ഇത്തരം കൃഷികളെ സാരമായി ബാധിച്ചിരുന്നില്ല.
ഓണത്തിനായുള്ള പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയമാണിത്. എന്നാല്‍, മഴ മാറി നില്‍ക്കുന്നതിനാല്‍ ഒരുക്കങ്ങള്‍ പാളി. രൂക്ഷമായ വെയിലില്‍ മണ്ണ് വരണ്ടുണങ്ങിയത് ഗുണത്തെയും ബാധിച്ചു. മണ്ണിരകളുടെയും സൂക്ഷ്‌മജീവികളുടെയും നാശം വരുകാല കൃഷിയെയും പ്രതികൂലമായി ബാധിക്കും.
വേനല്‍ കഠിനമായതിനൊപ്പം രാസവളങ്ങളുടെ വിലയിലുണ്ടായ വര്‍ധനയും തിരിച്ചടിയാകുന്നതായി കര്‍ഷകര്‍ പറയുന്നു. പശ്‌ചിമേഷ്യന്‍ യുദ്ധ പശ്‌ചാത്തലത്തിലുണ്ടായ ക്ഷാമമാണു വിലക്കയറ്റത്തിലേക്കു നയിച്ചത്.







