നിയമസഭയിലെ അൻപതാം വർഷ ആഘോഷവുമായി മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കു പടയൊരുക്കുന്ന ഉമ്മൻചാണ്ടിയ്ക്ക് വെല്ലുവിളിയുമായി രമേശ്: വാക്കൗട്ട് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് രമേശും മുഖ്യമന്ത്രിയാകാനൊരുങ്ങുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിയമസഭാ പ്രവേശത്തിന്റെ അൻപതാം വർഷത്തിൽ മുഖ്യമന്ത്രി സ്ഥാനം എന്ന ലക്ഷ്യവുമായി കരുക്കൾ നീക്കുന്ന ഉമ്മൻചാണ്ടിയ്‌ക്കെതിരെ കരുക്കൾ നീക്കാനൊരുങ്ങി രമേശ് ചെന്നിത്തല. സെപ്റ്റംബർ 17 ന് കോട്ടയത്ത് ആഘോഷത്തോടെ നിയമസഭാ പ്രവേശത്തിന്റെ അൻപതാം വർഷം ആഘോഷിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയ്യാറെടുക്കുകയാണ്. കഴിഞ്ഞ നാലു വർഷമായി ചിത്രത്തിലില്ലാതിരുന്ന ഉമ്മൻചാണ്ടി, വീണ്ടും തിരഞ്ഞെടുപ്പ് ഗോഡായിലേയ്ക്കു ഇറങ്ങുന്നതിന്റെ സൂചനകളാണ് അൻപതാം വാർഷിക ആഘോഷത്തിലൂടെ നൽകുന്നത്.

ഇതിനിടെയാണ് ഇപ്പോൾ രമേശ് തന്റെ പുസ്തകം പ്രസാധനം ചെയ്തുകൊണ്ട് പോരാട്ടം ശക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള നിയമസഭയിൽ നടത്തിയ വാക്കൗട്ട് പ്രസംഗങ്ങൾ ‘സഭയിലെ പോരാട്ടം’ എന്ന പേരിൽ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയാണ് ഒലീവ് ബുക്സ്. പതിനാലാം കേരള നിയമസഭുടെ ഒന്നു മുതൽ പത്തു വരെയുള്ള സമ്മേളനങ്ങളിൽ, അതായത് 2016 ജൂൺ 28 മുതൽ 2018 ഏപ്രിൽ 4 വരെയുള്ള കാലഘട്ടത്തിൽ നിയമസഭയിൽ അടിയന്തിര പ്രമേയങ്ങൾക്ക് അനുമതി നിഷേധിക്കപ്പെടുമ്‌ബോൾ സഭയിൽ നിന്ന് വാക്കൗട്ട് പ്രഖ്യാപിച്ചു നടത്തിയ പ്രസംഗങ്ങളാണ് സമാഹാരത്തിലുള്ളത്. ആകെ 84 പ്രസംഗങ്ങൾ.

പിണറായി സർക്കാർ അധികാരത്തിലേറിയതോടെ സംസ്ഥാനത്ത് വീണ്ടും അണപൊട്ടിയ രാഷ്ട്രീയ കൊലപാതകങ്ങൾ, വിവാദങ്ങളിൽ കുടുങ്ങി മൂന്ന് ഘട്ടങ്ങളിലായുള്ള മൂന്ന് മന്ത്രിമാരുടെ രാജി, പിണറായി സർക്കാരിന്റെ ആദ്യകാലത്ത് രൂക്ഷമായ ഐ.എ.എസ്, ഐപി.എസ് ഉദ്യോഗസ്ഥന്മാരുടെ ചേരിപ്പോര്, നടുറോഡിൽ ഓടുന്ന കാറിൽ പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടതുൾപ്പടെയുള്ള സ്ത്രീപീഢനങ്ങൾ, ബ്രൂവറി ഡിസ്റ്റിലറി ഉൾപ്പടെയുള്ള അഴിമതികൾ, വിശന്നപ്പോൾ കുറച്ച് അരി എടുത്ത കുറ്റത്തിന് അട്ടപ്പാടിയിൽ ജനക്കൂട്ടം മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നതുൾപ്പെടെയുള്ള അതിക്രമങ്ങൾ തുടങ്ങി വയനാട്ടിൽ സി.പി.ഐ നേതാക്കളുടെ പിന്തുണയോടെ നടന്ന മിച്ചഭൂമി കച്ചവടം വരെയുള്ള ചൂടേറിയ വിഷയങ്ങൾ നിയമസഭയെ ഇളക്കി മറിച്ചതിന്റെ നേർചിത്രമാണ് പുസ്തകം.

വാക്കൗട്ട് ചർച്ചയ്ക്കൊടുവിൽ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് രമേശ് ചെന്നിത്തലയുടെ മിക്ക വാക്കൗട്ട് പ്രസംഗങ്ങളും അരങ്ങേറിയിട്ടുള്ളത്. പലപ്പോഴും മുഖ്യമന്ത്രിയുമായി നേരിട്ട് വാക്കുകൾ കൊണ്ടു കോർത്തു. തിളച്ചു മറിയുന്ന ആ അന്തരീക്ഷത്തിന്റെ ചൂടം ചൂരും ചോരാത്ത തരത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

നിയമസഭയിലെ നേതാക്കളുടെ പ്രസംഗങ്ങൾ മുമ്ബും സമാഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാക്കൗട്ട് പ്രസംഗങ്ങൾ മാത്രമായി സമാഹരിക്കപ്പെടുന്നത് ആദ്യമാണ് ഇന്ന് വൈകിട്ട് 4 ന് പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്തും കോഴിക്കോട്ടുമായി ഓൺലൈനിൽ നടക്കും.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ സി.ദിവാകരൻ എം.എൽ.എയക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ഡോ.എം.കെ.മുനീർ അദ്ധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യ അതിഥിയായിരിക്കും