
ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ദേബോസ്മിത പോളിന്റെ കൊലപാതക കേസിൽ പശ്ചിമ ബംഗാളിലെ ബർദ്ധമാനിൽ നിന്നുള്ള ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റ്സിലെ ഫ്ലാറ്റിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ദേബോസ്മിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാല് സംസ്ഥാനങ്ങളിലായി നടത്തിയ വ്യാപക റെയ്ഡുകൾക്കൊടുവിലാണ് പ്രതികളെ ബംഗാളിൽ നിന്നും പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ദേബോസ്മിത പോളിനെ കാണാനെന്ന വ്യാജേനയാണ് ബർദ്ധമാൻ സ്വദേശികളായ ദമ്പതികൾ ഡൽഹിയിലെത്തിയത്.
2022ൽ വിവാഹമോചനം നേടിയ ദേബോസ്മിത ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. ഇവരുടെ ഭർത്താവ് ബംഗളൂരുവിലാണ്. ബുധനാഴ്ച മാസ്ക് ധരിച്ചാണ് പ്രതികൾ ദേബോസ്മിതയുടെ ഫ്ലാറ്റിലെത്തിയത്. സംശയം തോന്നാതിരിക്കാൻ ഇവർ തങ്ങളുടെ കുട്ടിയെയും കൂടെ കരുതിയിരുന്നു. ലിഫ്റ്റിന് പകരം പടവുകൾ വഴിയാണ് ഇവർ ആറാം നിലയിലെ ഫ്ലാറ്റിലെത്തിയത്. വീട്ടിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിച്ച പ്രതികൾ, തങ്ങൾ കൂടെക്കരുതിയ ആയുധം ഉപയോഗിച്ച് ദേബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം വസ്ത്രം മാറി 30 മിനിറ്റിനകം ഇവർ ഫ്ലാറ്റിൽ നിന്നും പുറത്തുകടന്നു. താഴെ കാത്തുനിന്ന പ്രൈവറ്റ് ക്യാബിലാണ് ഇവർ രക്ഷപ്പെട്ടത്.
ദേബോസ്മിതയ്ക്ക് തന്റെ അമ്മവഴിയുള്ള മുത്തശ്ശന്റെ മരണശേഷം പശ്ചിമ ബംഗാളിൽ കോടികൾ വിലമതിക്കുന്ന ഒരു സ്വത്ത് പാരമ്പര്യമായി ലഭിച്ചിരുന്നു. ഈ വീട്ടിലെ വാടകക്കാരായിരുന്നു പിടിയിലായ ദമ്പതികൾ. ഈ സ്വത്ത് സ്വന്തമാക്കാൻ ഇവർ ശ്രമിച്ചിരുന്നെങ്കിലും ഒഴിഞ്ഞുതരണമെന്ന് ദേബോസ്മിത ഇവരോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ദമ്പതികളെ കൊലപാതക ആസൂത്രണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group







