
ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തെ സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത്.
കഴിഞ്ഞ ബുധനാഴ്ചനാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 13 വിദേശികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലെ ഹോട്ടലിലെ തീപ്പിടിത്തത്തിന് കാരണക്കാരനായ പാചകക്കാരൻ കേശവ് നേഗിയെ ഡൽഹി പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച കസ്റ്റഡിയിലെടുത്ത നേഗിയെ ഏകദേശം ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 65-കാരനായ നേഗിയുടെ അശ്രദ്ധയാണ് തീപ്പിടുത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിൽ, സ്റ്റൗ പെട്ടെന്ന് പൊട്ടിത്തെറിച്ചെന്നും തുടർന്ന് കെട്ടിടത്തിലുടനീളം തീ പടർന്നുവെന്നുമാണ് നേഗി നൽകിയിരിക്കുന്ന മൊഴി. തീ പടർന്നതോടെ പരിഭ്രാന്തനായ നേഗി, ഹോട്ടലിലെ കെട്ടിടത്തിന്റെ പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മെയിൻ പവർ ഓഫ് ചെയ്തതോടെ കെട്ടിടത്തിലെ ഇലക്ട്രോണിക് ഡോർ ലോക്കിങ് സിസ്റ്റം പ്രവർത്തിക്കാതായതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇതോടെയാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാതെവന്നത്.
ലോക്കിങ് സിസ്റ്റത്തിന്റെ പങ്കും പവർ ഓഫ് ചെയ്തതിന്റെ ആഘാതവും നിലവിലെ അന്വേഷണത്തിലെ പ്രധാന വശങ്ങളാണ്. സിസ്റ്റം പ്രവർത്തനരഹിതമായതതാണോ ഇത്രയധികം മരണങ്ങൾ സംഭവിക്കാൻ കാരണമായത് എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ മൊഴികൾ ഫോറൻസിക് തെളിവുകളുമായി ഒത്തുനോക്കി വരികയാണെന്നും ഒളിവിലുള്ള ഹോട്ടൽ മാനേജർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.







