Spread the love

മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഉണ്ടായ ‘രക്ഷാപ്രവർത്തനത്തിന്റെ’ ഞെട്ടിക്കുന്ന അട്ടിമറിവിവരങ്ങള്‍ പുറത്ത്. അന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായിരുന്ന ചൈത്ര തെരേസ ജോണ്‍ സമര്‍പ്പിച്ച ഔദ്യോഗിക സുരക്ഷാ വീഴ്ചാ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിലെ അന്നത്തെ സര്‍വ്വപ്രതാപിയായ എഡിജിപി എംആര്‍ അജിത് കുമാര്‍ ബോധപൂര്‍വ്വം ചവറ്റുകൊട്ടയിലിട്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഭരണമാറ്റത്തിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ്, ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

video
play-sharp-fill

സംഭവത്തിന് പിന്നാലെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വസ്തുതകള്‍ നിരത്തി തയ്യാറാക്കിയ ഒറിജിനല്‍ കേസ് ഡയറി, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ വേണ്ടി എഡിജിപിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് തിരുത്തുകയായിരുന്നു. ‘രക്ഷാപ്രവര്‍ത്തനം’ എന്ന പേരില്‍ തെരുവില്‍ നടന്ന ഗുണ്ടായിസത്തെ ന്യായീകരിക്കാനും, ഗണ്‍മാന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നിയമപരമായ പഴുതുകള്‍ ഒരുക്കാനുമായിരുന്നു ഈ തിരുത്തല്‍ നാടകം. ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍ കാട്ടിയ പ്രൊഫഷണലിസത്തെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി എഡിജിപി എങ്ങനെ ബലികഴിച്ചു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.

കേസ് ഡയറി തിരുത്തി വ്യാജ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തനിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തന്നെ ഇപ്പോള്‍ എസ്‌ഐടിക്ക് മൊഴി നല്‍കിയിട്ടുണ്ട്. എഡിജിപിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച കൃത്യമായ ‘സ്‌ക്രിപ്റ്റ്’ അനുസരിച്ചാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചില്‍. ഒരു കേസ് അട്ടിമറിക്കാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന് കീഴുദ്യോഗസ്ഥന്‍ തന്നെ മൊഴി നല്‍കിയതോടെ അജിത് കുമാറിന് മേലുള്ള നിയമക്കുരുക്ക് പൂര്‍ണ്ണമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം ജൂലൈയില്‍ അഗ്‌നിരക്ഷാസേനാ മേധാവി ഡിജിപി നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ സീനിയോറിറ്റി ലിസ്റ്റില്‍ മുന്നിലുള്ള എം.ആര്‍. അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആലപ്പുഴ കേസ് അട്ടിമറിയില്‍ എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതോടെ അജിത് കുമാറിനെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികളിലേക്ക് പുതിയ യുഡിഎഫ് സര്‍ക്കാര്‍ കടക്കും. ഭരണമാറ്റത്തിന് ശേഷം സിവില്‍-പൊലീസ് സര്‍വീസുകളില്‍ വലിയ അഴിച്ചുപണികള്‍ നടക്കുന്ന പശ്ചാത്തലത്തില്‍, ഈ അട്ടിമറി വിവരങ്ങള്‍ പുറത്തുവരുന്നത് മുന്‍ ഇടത് ഭരണകൂടത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്.

പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ അടിമകളെപ്പോലെ പ്രവര്‍ത്തിച്ചതിന്റെ ജീവിക്കുന്ന തെളിവാണ് ചൈത്ര തെരേസയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയ നടപടി. ചുരുക്കത്തില്‍, ‘രക്ഷാപ്രവര്‍ത്തനം’ എന്ന പേരില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ന്യായീകരണങ്ങള്‍ എത്രത്തോളം പൊള്ളയായിരുന്നുവെന്ന് ചൈത്ര തെരേസയുടെ റിപ്പോര്‍ട്ടും ഇപ്പോഴത്തെ എസ്‌ഐടി കണ്ടെത്തലുകളും തെളിയിക്കുന്നു.