ഇനി നിങ്ങളുടെ മുടിയും സിൽക്ക് പോലെ തിളങ്ങും; മുടിക്ക് തിളക്കം വർധിപ്പിക്കാൻ ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ
മുടി സിൽക്ക് പോലെ തിളങ്ങി നിന്നാൽ മുടിക്ക് നല്ല കരുത്തും ആരോഗ്യവുമുള്ളതായി തോന്നും. മുടിയുടെ തിളക്കം വർധിപ്പിക്കാനായി പല വിധത്തിലുള്ള ട്രീറ്റ്‌മെന്റുകളും ഉത്പ്പന്നങ്ങളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇതിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ മുടിക്ക് തിളക്കം കിട്ടാൻ ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ സാധിക്കും. ഇവ ഏതൊക്കെയെന്ന് നോക്കാം.
മുട്ടയും ഒലിവ് ഓയിലും
ധാരാളം പ്രൊട്ടീൻ അടങ്ങിയിട്ടുള്ള മുട്ട മുടിയിൽ ഉപയോഗിക്കുന്നത് മുടിക്ക് കരുത്തും ആരോഗ്യവും പകരും. രണ്ട് മുട്ട നന്നായി ബീറ്റ് ചെയ്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഒലിവെണ്ണ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഈ മിശ്രിതം അരമണിക്കൂർ മുടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറ്റാർവാഴയും വെളിച്ചെണ്ണയും
മുടിക്ക് നല്ല തിളക്കം നൽകുന്ന ഈ പായ്ക്ക് തയാറാക്കുന്നതിനായി ഒരു കപ്പ് കറ്റാർവാഴ സത്തോ കടയിൽ നിന്ന് വാങ്ങുന്ന അലോവേര ജെല്ലോ ഉപയോഗിക്കാം. ഇതിലേക്ക് ചെറു ചൂടുള്ള ഒരു കപ്പ് വെളിച്ചെണ്ണ കൂടി ചേർത്ത് അരമണിക്കൂർ പുരട്ടാം. ശേഷം നന്നായി കഴുകിക്കളയുക. കറ്റാർവാഴയും വെളിച്ചെണ്ണയും മുടിയെ നന്നായി മോയ്ച്യുറൈസ് ചെയ്ത് അവയുടെ തിളക്കം വർധിപ്പിക്കുന്നു.
തേങ്ങാപ്പാലും നാരങ്ങാ നീരും
മുടി വളരെ സോഫ്റ്റാകാനും തിളങ്ങാനും ഏറെ സഹായിക്കുന്ന ഒരു പായ്ക്കാണിത്. ഒരു കപ്പ് തേങ്ങാപ്പാലിന് ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീര് എന്ന അനുപാതത്തിൽ നിങ്ങളുടെ മുടിക്ക് മുഴുവനുമായി ആവശ്യത്തിന് മിശ്രിതം തയാറാക്കുക. 7 മുതൽ 8 മണിക്കൂർ വരെ മിശ്രിതം അനക്കാതെ വയ്ക്കുക. ശേഷം മിശ്രിതം മുടിയിലാകെ പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.