പാര്‍ട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു ; നിയമപരമായ ഇടപാടുകള്‍ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ ; 30 വര്‍ഷമായി ബാങ്കില്‍ പാര്‍ട്ടിക്ക് അക്കൗണ്ടുണ്ട് ; ഒരു കോടി പിടിച്ചെടുത്ത സംഭവത്തിൽ വീഴ്ച ബാങ്കിനെന്ന് സിപിഎം; രേഖകള്‍ പുറത്തുവിട്ടു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂരില്‍ പാര്‍ട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇഡിയും ഇന്‍കം ടാക്സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരവധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉന്നംവച്ചുകൊണ്ടായിരുന്നു ഈ നടപടികളെല്ലാം. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ കണക്കുകള്‍ അദായ നികുതി വകുപ്പിന് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം. രാജ്യത്ത് സിപിഎമ്മിന് ഒറ്റ പിന്‍ നമ്പര്‍ ആണ് ഉള്ളത്. പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഉൾപ്പെടെയുള്ള എല്ലാ അക്കൗണ്ടുകൾക്കും ഉപയോഗിക്കുന്നത് ഇതേ നമ്പർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. നിയമപരമായ ഇടപാടുകള്‍ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30 വര്‍ഷമായി തൃശൂര്‍ ബാങ്കില്‍ പാര്‍ട്ടിക്ക് അക്കൗണ്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ച്ച് 5 ന് ബാങ്കില്‍ പരിശോധിച്ച ആദായ നികുതി ഉദ്യോഗസ്ഥര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്‍വലിച്ച പണം ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു. നിയമനുസൃതം നടത്തിയ ഇടപാട് തടയുന്നതിന് ആദായ നികുതി വകുപ്പിന് അവകാശം ഇല്ല. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് വേറെ ഒരു ചര്‍ച്ച വേണ്ട എന്നത് കൊണ്ട് പണം ചിലവാക്കിയില്ല. പിന്നീട് ബാങ്ക് അധികൃതര്‍ തന്നെ ബാങ്കിന് പറ്റിയ വീഴ്ചയാണെന്ന് സമ്മതിച്ചു. 18.4.24 ന് ബാങ്ക് തെറ്റ് സമ്മതിച്ച് കത്തും നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
പണവുമായി ബാങ്കില്‍ എത്താന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പണവുമായി എത്തി.ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
രാജ്യം ഫാഷിസത്തിലേക്ക് എത്തിയിട്ടില്ലെന്നാണു ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി വിധി തെളിയിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ഏജന്‍സികള്‍ക്കും കനത്ത തിരിച്ചടിയാണിത്. കെജരിവാളിന്റെ അറസ്റ്റിനു നിരവധി വ്യാഖ്യാനങ്ങള്‍ ഇഡി നല്‍കിയെങ്കിലും അതെല്ലാം സുപ്രീംകോടതി തള്ളി. രാജ്യത്തിനു മുന്നില്‍ ഇനിയും സാധ്യതകളുണ്ടെന്നാണു കോടതി വിധി വ്യക്തമാക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
രാജ്യത്ത് ഇത്രയും ദുർബലനായ ഒരു പ്രധാനമന്ത്രി ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് നരേന്ദ്ര മോദിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയവും വിട്ട് ജാതിയും മതവും വർഗീയതയും പ്രചരിപ്പിക്കുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അപമാനകരമായ ചിത്രമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഇതുപോലെ ചീപ്പായ, ദുർബലനായ പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നെഞ്ചളവിന്റെ വീതിയിലും നീളത്തിലും എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. എല്ലാം തകർന്ന് തരിപ്പണമായി. നാട്ടിലെ ആർ.എസ്.എസുകാരന്റെ നിലവാരം പോലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വർഗീയ പ്രചാരണത്തോട് താരതമ്യം ചെയ്യാൻ സാധിക്കില്ല എംവി ഗോവിന്ദന്‍ പറഞ്ഞു.