Spread the love

കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയില്‍ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുഗതനെ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇന്നലെ അതീവ നാടകീയമായാണ് സുഗതനെ പോലീസ് പിടികൂടിയത്. സുഗതന്റെ അനുയായികള്‍ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂര്‍ക്കാവ് എസ്‌എച്ച്‌ഒയും സംഘവും പ്രതിയെ പിടികൂടിയത്. സംഘര്‍ഷത്തില്‍ എസ്‌എച്ച്‌ഒ വിപിനും എസ് ഐ അഭിജിത്തിനും പരുക്കേറ്റിരുന്നു.

video
play-sharp-fill

വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിച്ചത്. ഇത് കൂടാതെ ഇന്ന് മറ്റൊരു കേസും സുഗതനെതിരെ ചുമത്തി. പോലീസിനെ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പത്തോളം കേസുകളിലെ പ്രതിയാണ് സുഗതന്‍.

അതേസമയം, തന്നെയും കുടുംബത്തെയും പോലീസ് ആക്രമിച്ചു എന്നാണ് സുഗതന്റെ ആരോപണം. വീട്ടില്‍ കയറി തന്നെയും മക്കളെയും മര്‍ദ്ദിച്ചു എന്നും അസഭ്യം പറഞ്ഞുവെന്നും സുഗതന്റെ ഭാര്യ അശ്വതിയും മാധ്യമങ്ങളോട് പറഞ്ഞു. എന്റെ 14 വയസും എട്ടുവയസുമുള്ള മക്കളുടെ മുന്നില്‍ വച്ച്‌ തള്ളിക്കയറി വന്ന് ഉപദ്രവിക്കുകയായിരുന്നു. താലിമാല വലിച്ച്‌ പൊട്ടിച്ചുകൊണ്ടുപോയി. തിരികെ തന്നിട്ടില്ല. മുഖത്തടിച്ചു. മുതുകില്‍ ചവിട്ടി. വനിതാ പൊലീസ് പോലും ഇല്ലാതെയാണ് വീട്ടില്‍ അതിക്രമിച്ച്‌ കയറിയതെന്നും അശ്വതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഗതനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഹൈക്കോടതിയില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് സുഗതനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഉത്സവ പറമ്പില്‍ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാന്‍ ശ്രമിച്ചെന്നതാണ് സുഗതനെതിരായ കേസ്.