
കോട്ടയം: കോഴിമുട്ട വില എട്ടു രൂപയിലെത്തി. വെട്ടിലായി സ്‌കൂളുകള്‍. ഉച്ചഭക്ഷണം കൊടുക്കാന്‍ സ്‌കൂളുകള്‍ പെടാപ്പാട് പെടുന്നതിനിടെയാണ് ഇപ്പോള്‍ മുട്ടവില പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.
കേരളത്തിലേക്കുള്ള മുട്ടവരവു കുത്തനെ കുറഞ്ഞതോടെയാണു വിലയും വര്‍ധിച്ചത്.
പൊതുവിപണിയില്‍ ആറു രൂപയുണ്ടായിരുന്ന മുട്ടയ്‌ക്കു രണ്ടു രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ കടുത്ത ചൂടില്‍ ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതു മുട്ട ഉത്‌പാദനത്തില്‍ 25 ശതമാനത്തിലധികം ഇടിവാണു വരുത്തിയത്. ഇതോടെ മുട്ട വില കുത്തനെ ഉയര്‍ന്നു.
മുട്ടവില കൂടുമ്പോള്‍ ആഴ്‌ചയിലൊരു ദിവസം കുട്ടികള്‍ക്കു മുട്ട നല്‍കുന്നതു വലിയ പ്രതിസന്ധിയാവുമെന്ന് പ്രധാനധ്യാപകര്‍ പറയുന്നു. ഒരു മുട്ടയ്‌ക്ക് എട്ടു രൂപവരെ വില നല്‍കേണ്ടിവരുമ്പോള്‍ നൂറുകണക്കിനു വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ ഓരോ ആഴ്‌ചയും ആയിരക്കണക്കിനു രൂപയുടെ അധികബാധ്യതയാണുണ്ടാവുക. ഉച്ചഭക്ഷണത്തിനു സ്‌കൂളകള്‍ക്കു ചെറിയ തുക മാത്രമാണു സര്‍ക്കര്‍ നല്‍കുന്നത്.
ഉച്ചഭക്ഷണത്തിനുള്ള തുകയില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുകയില്‍ മാറ്റം വരുത്താതെ സര്‍ക്കാര്‍. ഉച്ചഭക്ഷണ വിഹിതമായി എല്‍.പിയില്‍ ഒരു കുട്ടിക്ക് 6.78 രൂപയും യു.പിയില്‍ 10.17 രൂപയുമാണു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
ഈ തുകയില്‍ നിന്നാണു പച്ചക്കറി മുതല്‍ പാചകവാതകം വരെ വാങ്ങേണ്ടത്. ഉച്ചഭക്ഷണ വിഹിതമായി നല്‍കുന്ന തുകയ്‌ക്കു പുറമേ മുട്ടയ്‌ക്കും പാലിനും സംസ്‌ഥാന സര്‍ക്കാര്‍ പണം അനുവദിക്കും. എന്നാല്‍, എഗ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിശ്‌ചയിക്കുന്ന മുട്ടവില മിക്കപ്പോഴും വിപണി വിലയെക്കാള്‍ കുറവുമായിരിക്കും. ഇവ വാങ്ങുന്നതിനും അധിക പണം കണ്ടെത്തേണ്ടി വരും. മുട്ടയ്‌ക്കൊപ്പം പാല്‍ വില ലീറ്ററിന് 60 രൂപയില്‍ എത്തിയപ്പോഴും 52 രൂപ മാത്രമാണു സര്‍ക്കാര്‍ അനുവദിക്കുന്നത്.
സര്‍ക്കാര്‍ അനുവദിക്കുന്ന പണം തികയാതെ വരുന്നതോടെ അധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കുകയാണു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സംസ്‌ഥാന സര്‍ക്കാര്‍ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുതുക്കിയതോടെ സര്‍ക്കാര്‍ അനുവദിക്കുന്ന തുക മതിയാകാതെ വന്നിരുന്നു. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തിനും കയറി ഇറങ്ങേണ്ടി വരുന്നു.
പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനു പ്രധാനാധ്യാപകര്‍ക്കു വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്ന സ്‌ഥിതിയാണുള്ളത്. അനിയന്ത്രിതമായ പാചകവാതക വിലവര്‍ധന, പലചരക്കു പച്ചക്കറി വിലവര്‍ധന എന്നിവയും അധിക പോഷകാഹാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പാല്‍, മുട്ട എന്നിവയുടെ വില വര്‍ധനയുംമൂലം ഇപ്പോള്‍ ലഭ്യമാകുന്ന തുക ഉപയോഗിച്ചു ഭക്ഷണം നല്‍കാന്‍ കഴിയാത്ത അവസ്‌ഥയുണ്ട്. പാല്‍വില സര്‍ക്കാര്‍ ലിറ്ററിനു നാലുരൂപ വര്‍ധിപ്പിച്ചു. ഇതെല്ലാം പദ്ധതി നടത്തിപ്പിനു നേതൃത്വം നല്‍കുന്ന പ്രഥമാധ്യാപകരുടെ കൈയില്‍നിന്ന് അധിക തുക ചെലവഴിക്കേണ്ട സാഹചര്യം സൃഷ്‌ടിക്കുന്നു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തുന്നതിനുള്ള തുകയും അധിക പോഷകാഹാര വിതരണത്തിനുള്ള തുകയും വര്‍ധിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെടുന്നു.







