
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് വോട്ടെണ്ണലിന് ശേഷം ഭൂരിപക്ഷം ഉറപ്പായാലാണെന്നും, യുഡിഎഫിനുള്ളിലെ ചര്‍ച്ചകള്‍ പുറത്തുവിടുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിലപാടിനൊപ്പമായിരിക്കും ലീഗ് നിലകൊള്ളുക എന്നും, നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ലീഗ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പരസ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരെ നിരാശരാക്കുന്നുവെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ മുമ്പും മുഖ്യമന്ത്രിയായിട്ടുണ്ടെന്നെങ്കിലും ഇത്തരം വിവാദങ്ങള്‍ അനാവശ്യമായ അസന്തോഷം സൃഷ്ടിക്കുമെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. പൊതുവേദികളില്‍ പ്രതികരിക്കുന്ന നേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലീഗിന് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും, എന്നാല്‍ ഒന്നും ആവശ്യപ്പെട്ട് വാങ്ങാതെ ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വിഭാഗീയത രൂക്ഷമാകുകയാണ്. കെ.സി വേണുഗോപാല്‍-വി.ഡി സതീശന്‍ വിഭാഗങ്ങള്‍ക്കിടയിലെ പോര് ശക്തമാകുന്നതിനിടെ, നേതാക്കള്‍ തുറന്ന പിന്തുണ പ്രഖ്യാപിക്കുന്നതും ശ്രദ്ധേയമാണ്. എംപിമാരുടെയും ഘടകകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെ, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


