
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
തമിഴ്നാട് ജനത പുതിയ തലമുറയെയും പുതിയ ഭാവനയെയും തിരഞ്ഞെടുത്തെന്നും തമിഴ് ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റാൻ വിജയിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. ‘തമിഴ്‌നാട് തിരഞ്ഞെടുത്തിരിക്കുന്നു. ഒരു പുതിയ തലമുറ. ഒരു പുതിയ ശബ്ദം. ഒരു പുതിയ ഭാവന. തിരു വിജയിക്ക് എന്റെ ആശംസകള്‍ – തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാൻ അദ്ദേഹത്തിന് കഴിയട്ടെ.’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിയുടെ തമിഴക വെട്രി കഴകത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിജയിക്കൊപ്പം ചേർന്ന കോണ്‍ഗ്രസ് നീക്കം രാഷ്ട്രീയനിരീക്ഷകരെയെല്ലാം ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു.
തമിഴ്നാട്ടില്‍ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തികയ്ക്കുന്നതില്‍ ടിവികെയ്ക്ക് കോണ്‍ഗ്രസിന്‍റെ പിന്തുണ നിർണായകമായി മാറുകയായിരുന്നു. അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുടെ പിന്തുണ ഉറപ്പാക്കിയാണ് 120 എംഎല്‍എമാരുമായി വിജയ് സർക്കാർ രൂപീകരിച്ചത്.







