കൊറോണ ഉത്ഭവിച്ചത് ശിവന്റെ ജടയില്‍ നിന്ന്; വാക്‌സിന്റെ ആവശ്യമില്ല, മാര്‍ച്ചില്‍ കൊറോണ പോകും: രക്തത്തില്‍ കുളിച്ച് നഗ്നമായി കിടന്ന പെണ്‍മക്കളുടെ മൃതദേഹം; വിചിത്ര വാദങ്ങളുമായി അന്ധവിശ്വാസക്കൊല നടത്തിയ അമ്മ
സ്വന്തം ലേഖകന്‍
ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ടു പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ വിചിത്രമായ മൊഴി നല്‍കി മാതാപിതാക്കള്‍. മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്ന് അമ്മ പദ്മജ മൊഴി നല്‍കി. തുടര്‍ന്ന് സായിയുടെ ആത്മാവിനോട് ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും പദ്മജ പറഞ്ഞു.
കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് കൊല്ലപ്പെട്ട അലേഖ്യ പറഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ഥിയായ അലേഖ്യയെയും സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യയെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇന്നൊരു ദിവസം അവര്‍ ഇവിടെ കിടക്കട്ടെ. നാളെ വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. എന്തിനാണ് ഷൂസ് ഇട്ട് വീടിനുള്ളില്‍ കറങ്ങുന്നത്. എല്ലായിടത്തും ദൈവമാണുള്ളത്. പൂജാമുറിയിലേക്ക് ഷൂസ് ഇട്ട് പോകുന്നതെന്തിന്?’- എന്നാണു പദ്മജ ചോദിച്ചത്. പുജാമുറിയിലേക്കു നമസ്‌കരിക്കാന്‍ പോകുകയാണെന്നു പറഞ്ഞാണ് പൊലീസ് അവിടേക്കു കടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസ് വീട്ടിലെത്തുമ്പോള്‍ വാതിലില്‍ തടഞ്ഞ പദ്മജ, തിങ്കളാഴ്ച വരെ പുനര്‍ജനിക്കാന്‍ സമയം അനുവദിക്കണമെന്ന് പൊലീസിനോടു പറഞ്ഞു. രക്തത്തില്‍ കുളിച്ച് നഗ്നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം.
അതിനിടെ പദ്മജ കോവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചു. ഞാന്‍ ശിവന്റെ ഭക്തയാണെന്ന് പറഞ്ഞ പദ്മജ, കൊറോണ വൈറസ് ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണെന്നും വിചിത്ര വാദം ഉയര്‍ത്തി. ‘ഞാന്‍ ശിവന്റെ ഭക്തയാണ്, കൊറോണ ജനിച്ചത് ശിവന്റെ ജടയില്‍ നിന്നാണ്.വാക്സിന്‍ ഇല്ലാതെ തന്നെ മാര്‍ച്ചില്‍ ഇത് അവസാനിക്കും. അതുകൊണ്ട് വാക്സിന്റെ ആവശ്യം ഇല്ല.’ – സാമ്പിള്‍ എടുക്കാന്‍ വന്ന ആരോഗ്യപ്രവര്‍ത്തകനോട് പദ്മജ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ. കണക്കില്‍ ബിരുദാനന്തര ബിരുദമുള്ള പദ്മജ, ഐഐടി കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ജോലി ചെയ്യുന്നത്.
മാതാപിതാക്കളായ പുരുഷോത്തം നായിഡുവും പദ്മജയുമാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ പറയുന്ന മൊഴി വിശ്വസിക്കാന്‍ കൂട്ടാക്കാതെ പൊലീസ് അന്വേഷണം തുടരുകയാണ്.