തൃശൂർ പുറ്റേക്കരയിൽ യുവ എൻജിനീയർ കൊല്ലപ്പെട്ട സംഭവം ; കൊലയാളിയെക്കുറിച്ച് നിർണായക വിവരങ്ങൾ ; ഇയാൾ സഞ്ചരിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞു
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പുറ്റേക്കരയിൽ യുവ എൻജിനീയർ കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളിയെ കുറിച്ച് നിർണായക വിവരങ്ങൾ. കൊലയാളി ബൈക്ക് യാത്രികനെന്നാണ് സൂചന. ഇയാൾ സഞ്ചരിച്ച ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പുറ്റേക്കര സ്വദേശിയായ അരുൺ ലാലിനെ ഇന്നലെ തിങ്കളാഴ്ച അർധരാത്രിയാണ് വഴിയരികിൽ ഗുരുതര പരുക്കുകളോടെ നാട്ടുകാർ കണ്ടത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടരുന്നതിനിടെ മരിച്ചു. ബിയർ കുപ്പിക്കൊണ്ടും ഹെൽമറ്റ് കൊണ്ടും മുഖത്തടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെത്തേടിയുള്ള അന്വേഷണത്തിലാണ് പൊലീസിന് ചില നിർണ്ണായക സൂചനകൾ കിട്ടിയത്. സംഭവം നടന്ന രാത്രി പത്തരയ്ക്ക് അരുൺ ലാലും ബൈക്ക് യാത്രക്കാരനുമായി സംസാരിച്ച് നിൽക്കുന്നത് തൊട്ടടുത്ത ടർഫിൽ കളി കഴിഞ്ഞു വരുന്ന യുവാക്കൾ കണ്ടിരുന്നു. പത്ത് മിനിട്ടിന് ശേഷം രണ്ടാമത്തെ പന്തുകളി സംഘമെത്തുമ്പോഴേക്കും കൃത്യം നടന്നിരുന്നു. യുവാക്കളെ കണ്ട ബൈക്ക് യാത്രക്കാരൻ വേഗത്തിൽ ഓടിച്ചു പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം.
സമീപത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ബൈക്കിന്‍റെ നമ്പർ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൈക്ക് വിറ്റിരുന്നു എന്ന ഉടമയുടെ മൊഴി പൊലീസ് പരിശോധിച്ചു വരികയാണ്. നഗരത്തിലെ ബാറിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് അരുൺ ലാല്‍ കൊല്ലപ്പെട്ടത്.
രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന അരുൺ രാത്രിയാണ് നഗരത്തിൽ നിന്നും മടങ്ങാറ്. ഐ ടി സംബന്ധമായ ജോലികൾ ചെയ്തായിരുന്നു ജീവിതം. നിരവധി പേരിൽ നിന്ന് ചെറിയ തുകകൾ കടം വാങ്ങിയിരുന്നതായി വാട്സാപ്പ് പരിശോധിച്ചതിൽ നിന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.