
തൊടുപുഴ: തൊടുപുഴയിൽ വൃദ്ധസദനത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന പ്രതിയെ ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. വണ്ണപ്പുറം വെൺമറ്റം മേടയ്ക്കൽ ജീവൻ തോമസാണ് (40) ശനിയാഴ്ച പിടിയിലായത്.
ഇയാൾക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വാർദ്ധക്യകാല ജീവിതം മെച്ചപ്പെട്ട രീതിയിലാക്കാമെന്ന വാഗ്ദാനംനൽകി, വൻതുക മുൻകൂറായി വാങ്ങിയായിരുന്നു ജീവൻ തോമസിന്റെ ഇടപാട്.
ഇത്തരത്തിൽ പത്തുംപതിനഞ്ചും ലക്ഷംവീതമാണ് പലരും എൽഡർ ഗാർഡൻ എന്ന സ്വകാര്യവൃദ്ധസദനത്തിനായി നൽകിയത്. തൊടുപുഴയിലെത്തിയപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ട കാര്യമറിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിയായ സൗകര്യമില്ലാത്ത പഴകിയ കെട്ടിടത്തിൽ പരിചരണത്തിനുപോലും ആളില്ലാത്ത അവസ്ഥയായിരുന്നു. പലപ്പോഴും ഭക്ഷണംപോലും ഇല്ലാത്ത സ്ഥിതിയും.
നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഇയാൾ ഓരോ അവധിപറഞ്ഞ് നീട്ടുകയായിരുന്നു. തുടർന്ന് കഴിഞ്ഞവർഷം അയർലൻഡിലേക്ക് മുങ്ങിയതോടെയാണ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
നാട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ വിമാനത്താവളത്തിൽ പിടിയിലാകുന്നത്. തൊടുപുഴ പൊലീസ് ബാംഗ്ലൂരിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.







