
തേർഡ് ഐ ബ്യൂറോ
കൊല്ലം: തുടർച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക നിമിഷത്തിലേയ്ക്ക്. യുവതിയെ പാമ്പിനെ കൊണ്ട് കൊത്തിച്ചതാണ് എന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
പാമ്പിനെ മുറിയില്‍ കൊണ്ടിട്ടതാണ് എന്ന് തെളിയിക്കുന്ന നിർണ്ണായക സൂചനകൾ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. മരിച്ച അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്രയുടെ(25) വീട്ടില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകനും സംഘവും തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയുടെ അടുത്ത ബന്ധുക്കളുടെ മാെഴി രേഖപ്പെടുത്തുകയും സ്ഥല പരിശോധന നടത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലേക്ക് പാമ്പ് കടക്കാനുള്ള എല്ലാ സാദ്ധ്യതകളും അന്വേഷണ സംഘം വിലയിരുത്തി. എ.സിയുള്ള മുറിയുടെ ജനാല തുറന്ന് കിടന്നപ്പോള്‍ അതുവഴി പാമ്പ് അകത്ത് കയറിയതാകാമെന്നാണ് ഭര്‍ത്താവ് സൂരജ് അഞ്ചല്‍ പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നത്.
ഈ ജനാലയ്ക്കരികിലാണ് സൂരജ് അന്നേ ദിവസം രാത്രി കിടന്നത്. തുറന്നിട്ട ജനാലയുടെ ഭാഗത്താണ് സൂരജിന്റെ തലഭാഗം വരേണ്ടത്. ഇതേ മുറിയില്‍ മറുവശത്തായാണ് മറ്റൊരു കട്ടിലിലാണ് ഉത്ര കിടന്നത്. ആ നിലയില്‍ പാമ്പ് മുറിയ്ക്കുള്ളില്‍ കടന്നാല്‍ സൂരജിന്റെ ശരീരത്തിലൂടെ ഇഴഞ്ഞ് തറയില്‍ ഇറങ്ങി അടുത്ത കട്ടിലില്‍ കടന്നുവേണം ഉത്രയെ കടിയ്ക്കാന്‍. അതിനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്കിയ ശേഷമാണ് തന്നെ മന:പൂര്‍വം ആക്ഷേപിക്കുന്നതും ഉത്തരയുടെ സഹോദരന് മരണത്തില്‍ പങ്കുണ്ടെന്നും കാട്ടി സൂരജ് എസ്.പിയ്ക്ക് പരാതി നല്‍കിയത്. അടൂരിലെ ഭര്‍തൃഗൃഹത്തില്‍ ഉത്ര താമസിച്ചുവന്നപ്പോള്‍ രണ്ട് തവണ അവിടെ മുറിയില്‍ പാമ്പിനെ കണ്ടിരുന്നു. ഒരുതവണ ഉത്രയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു. പാമ്പ് കടിച്ചെന്ന് പറഞ്ഞപ്പോഴും മൂന്ന് മണിക്കൂര്‍ വരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അന്ന് സൂരജ് തയ്യാറായതുമില്ല. ഇപ്പോള്‍ പാമ്പ് കടിയേറ്റ് ഉത്ര മരിച്ചതോടെ സൂരജിന്റെ പെരുമാറ്റത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങള്‍.
സാഹചര്യ തെളിവുകള്‍ കൊലപാതകത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. സാധാരണ കുടുംബാംഗമായ സൂരജ് ഉത്തരയുമായി വിവാഹത്തിന് തയ്യാറായതും സ്വത്ത് മോഹിച്ചാണെന്ന് അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. 98 പവന്റെ ആഭരണങ്ങള്‍ ഉത്തരയ്ക്ക് വിവാഹത്തിന് നല്‍കിയിരുന്നു.
പണവും കാറുമൊക്കെ പിന്നാലെയും നല്കി. സൂരജ്, ഉത്തരയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സ്വത്ത് മോഹിച്ചായിരുന്നുവെന്ന് ഇന്നലെ ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഈ വിഷയങ്ങളെല്ലാം റൂറല്‍ എസ്.പിയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പ്രതി ആരെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടുണ്ടെങ്കിലും ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.







