മുണ്ടക്കയത്തിൻ്റെ ഹൃദയം പിളർന്ന് പാറമട മാഫിയ; തുടർച്ചയായുണ്ടാകുന്ന പ്രളയവും വെള്ളപൊക്കവും കണ്ടിട്ടും അനക്കമില്ലാതെ ഭരണകൂടവും, കോടതികളും; മണ്ണെടുപ്പും മലതുരന്നുള്ള  കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

മുണ്ടക്കയത്തിൻ്റെ ഹൃദയം പിളർന്ന് പാറമട മാഫിയ; തുടർച്ചയായുണ്ടാകുന്ന പ്രളയവും വെള്ളപൊക്കവും കണ്ടിട്ടും അനക്കമില്ലാതെ ഭരണകൂടവും, കോടതികളും; മണ്ണെടുപ്പും മലതുരന്നുള്ള കൊള്ളയും മലയോരത്തെ ഭയപ്പെടുത്തുന്നു

Spread the love

ഏ.കെ. ശ്രീകുമാർ

മുണ്ടക്കയം: മുണ്ടക്കയത്തെ ഭൂമിയും മലകളും തുരന്നു തിന്ന് മണ്ണ്, പറമട മാഫിയ. മണ്ണും, കല്ലും മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല.

കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർച്ചയായി ഉണ്ടായ പ്രളയവും, വെള്ളപൊക്കവും കണ്ടിട്ടും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം തയ്യാറാകുന്നില്ലെന്നാണ് മുണ്ടക്കയത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്.

മുണ്ടക്കയം ടൗണിൽ നിന്നും നോക്കുമ്പോൾ കാണുന്ന അതിഭീകരമായ കാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ വാർത്തയുടെ ഒപ്പമുള്ള ചിത്രമായി നൽകിയിരിക്കുന്നത്.

മുണ്ടക്കയത്തിനു തന്നെ അഭിമാനമായി, പ്രകൃതിയുടെ പച്ചപ്പിനു മുന്നിൽ തല ഉയർത്തി നിന്നിരുന്ന മല നിരകൾ ഇല്ലാതാകുന്ന കാഴ്ചയാണ് മുന്നിൽ കാണുന്നത്.

മാഫിയ സംഘം തിന്നു തീർത്ത മലയുടെ പാതി മാത്രമാണ് ഇനി ബാക്കിയുള്ളത്.

മുണ്ടക്കയം ടൗണിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോ മീറ്റർ മാത്രം മാറിയുള്ള പൂവഞ്ചിമലയുടെ ദാരുണമായ ചിത്രങ്ങളാണ് വാർത്തയോടെപ്പം ഉള്ളത്.


ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടെ. ഇവിടെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ കാശിന്റെ മാത്രം മുഷ്‌കിൽ മലതുരന്ന് ഭൂമിയുടെ നെഞ്ചു പിളർന്നു മാഫിയ സംഘം കല്ലും മണ്ണുമെടുക്കുന്നത്.

ഇവിടെ നിന്നുള്ള മലിനജലം ഒഴുകി നേരെ ഇറങ്ങുന്നത് മണിമലയാറ്റിലേയ്ക്കാണ്. മലയില്ലാതാകുന്നതോടെ മണിമലയാറ്റിലേയ്ക്കുള്ള നീരൊഴുക്ക് തടസ്സപ്പെടും. ഇതോടെ മാലിന്യങ്ങൾ നിറഞ്ഞ് മണിമലയാർ അതിരൂക്ഷമായ മലിനീകരണത്തെ നേരിടും.മണിമലയാറ്റിലെ വെള്ളത്തിനെ ആശ്രയിക്കുന്നത് പതിനായിരങ്ങളാണ്.ഇവരുടെ കുടിവെള്ളമടക്കം മലിനപ്പെടും.
മലകുത്തിയിളക്കിയ മാഫിയ സംഘം കരിങ്കല്ലുകളും പാറക്കല്ലുകളും പ്രദേശത്തെ വീടുകൾക്കു മുകളിലേയ്ക്കു തെറിച്ചു വീണും, പാറ പൊട്ടിയതിനേ തുടർന്നുള്ള പ്രകമ്പനത്താലും നിരവധി വീടുകൾക്ക് തകരാറ് പറ്റിയിട്ടുണ്ട്.

പ്രദേശത്തെ നിരവധിയാളുകൾ പൊടിപടലങ്ങൾ ശ്വസിച്ച് മാറാരോഗങ്ങൾക്ക് അടിമകളായിട്ടുമുണ്ട്. ഇതൊക്കെ കണ്ടിട്ടും ഭൂമാഫിയയുടെ കണ്ണ് തുറക്കുന്നില്ലന്ന് മാത്രം.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സകല മാനദണ്ഡങ്ങളും ലംഘിച്ച് മലയിടിച്ചിട്ടും മാഫിയ സംഘത്തിനെതിരെ ചെറുവിരലനക്കാൻ പൊലീസിനും, റവന്യൂ അധികൃതർക്കും സാധിച്ചിരുന്നില്ല. ഇടുക്കി ജില്ലയിലെ പെരുവന്താനം പൊലീസ് സ്റ്റേഷൻ്റെ പരിധിയിലാണ് പൂവഞ്ചിമല ഉൾപ്പെടുന്ന പ്രദേശം.

ഭൂമാഫിയയുടെ നീക്കങ്ങൾക്ക് തടയിട്ടില്ലങ്കിൽ വരും നാളുകളിൽ തന്നെ മുണ്ടക്കയത്തിൻ്റെ ഹൃദയം പിളരുന്ന കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും