മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുനേരെ വീണ്ടും അജ്ഞാതജീവി ആക്രമണം; പശുവിനെ കൊന്ന് ഭക്ഷിച്ച നിലയിൽ കണ്ടെത്തി; പുലിയെന്ന് നാട്ടുകാര്‍; സ്ഥിരീകരിക്കാതെ വനം വകുപ്പ്
സ്വന്തം ലേഖിക
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം.
പുലിയാണെന്ന് നാട്ടുകാര്‍ പറയുമ്പോഴും സ്ഥിരീകരിക്കുവാന്‍ വനം വകുപ്പ് തയാറാകുന്നില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി മേഖല വന്യജീവി ആക്രമണ ഭീതിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചതോടെ പുലിയാണെന്ന നിഗമനത്തില്‍ വനം വകുപ്പിന്‍റെ നേതൃത്വം മുൻപ് പുലിയെ പിടികൂടുവാന്‍ കൂട് സ്ഥാപിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
കുപ്പക്കയം ത്രിണപടിക്കല്‍ പ്രസാദിന്‍റെ പശുവിനെയാണ് അജ്ഞാതജീവി ആക്രമിച്ചത്. പുലിയുടേതെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ പശുവിന്‍റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് മുറിവേറ്റ നിലയില്‍ പശുവിനെ കണ്ടത്. ഇന്നലെ തോട്ടത്തില്‍ അഴിച്ചുവിട്ടു വളര്‍ത്തു പശുവിനെ അജ്ഞാത ജീവി ഭക്ഷിച്ചതിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തി.
കഴിഞ്ഞ ഒരു മാസമായി അജ്ഞാതജീവിയുടെ ആക്രമണം ഇല്ലാതിരുന്ന മേഖലയില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്കുനേരെ ആക്രമണം വര്‍ധിച്ചത് തൊഴിലാളികളില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്ക് മുൻപ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് തൊട്ടു സമീപംവരെ കാട്ടാനകള്‍ കൂട്ടമായി എത്തിയത് വലിയ ഭീതി സൃഷ്ടിച്ചിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും നേതൃത്വത്തില്‍ ആനകളെ തുരത്തി ഒരാഴ്ച്ച കഴിയുംമുൻപാണ് വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്കുനേരെ അജ്ഞാത ജീവി ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അൻപതിലധികം വളര്‍ത്ത് മൃഗങ്ങളെയാണ് അജ്ഞാതജീവി ആക്രമിച്ചു കൊന്നത്. ഇതോടെ തങ്ങളുടെ ഉപജീവനമാര്‍ഗംതന്നെ ഇല്ലാതായ സ്ഥിതിയിലാണ് തൊഴിലാളി കുടുംബങ്ങള്‍.