
ആലപ്പുഴ: മുണ്ടിനീര് രോഗബാധ വിദ്യാര്‍ഥികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആലപ്പുഴ തുമ്പോളി എസ്‌എൻവി എല്‍പി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അവധി അനുവദിച്ച് ഉത്തരവിറക്കി.
രോഗവ്യാപനം കൂടുതല്‍ കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസത്തേക്ക് സ്കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അവധിക്കാലത്ത് വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടാതിരിക്കാന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള നടപടികള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മറ്റ് വിദ്യാലയങ്ങളില്‍ രോഗവ്യാപനം തടയാന്‍ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലയില്‍ സ്കൂള്‍ വിദ്യാര്‍ഥികളില്‍ മുണ്ടിനീര് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി. വി അറിയിച്ചു. പാരമിക്‌സോ വൈറസാണ് രോഗത്തിന് കാരണമാകുന്നത്. വായുവിലൂടെ പകരുന്ന രോഗം പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്നതാണെന്നും കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരിലും രോഗബാധ ഉണ്ടാകാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






