മുംബൈ സിബിഐ ഓഫീസില്‍ നിന്നാണ്, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കണം ; സാമ്പത്തിക തട്ടിപ്പ് :യുവതിയ്ക്ക് നഷ്ടമായത് 1.65 കോടി ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ. മുബൈ സിബിഐ ഓഫീസില്‍ നിന്നെന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.
കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി പലപ്പോഴായി പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1,65,83,200 രൂപ കൈമാറിയത്. പണം കൈമാറിയ ശേഷം തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരി മനസിലാക്കിയത്. പരാതിയില്‍ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കാനും പൊലീസ് പറഞ്ഞു. നേരത്തെ വിവരം അറിയിച്ചാല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് പറഞ്ഞു.