video
play-sharp-fill
മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍: തമിഴ്നാടിനെ എതിര്‍പ്പറിയിച്ച്‌ കേരളം; മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ രാത്രി തുറന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍: തമിഴ്നാടിനെ എതിര്‍പ്പറിയിച്ച്‌ കേരളം; മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ രാത്രി തുറന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി

സ്വന്തം ലേഖിക

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ രാത്രി തുറക്കുന്നതിനെതിരെ കേന്ദ്ര ജല കമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. ഇതുവരെ തമിഴ്നാട് ഒന്‍പത് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. 1.60 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ മുല്ലപ്പെരിയാറില്‍ നിന്നും ഒഴുക്കി വിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയില്‍ ജലനിരപ്പുയരുമ്പോള്‍ രാത്രിയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് തടസ്സമാവുന്നുണ്ട്. ജലം വീട്ടിലേക്ക് ഇരച്ചുകയറുമ്പോള്‍ മാത്രമാണ് ആളുകള്‍ ഡാം തുറന്ന കാര്യം അറിയുന്നതെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലേക്ക് ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ജലനിരപ്പ് കുറക്കാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട് വന്‍ തോതില്‍ വെള്ളം തുറന്നു വിട്ടിരുന്നു.

ഇതേ തുടര്‍ന്ന് പെരിയാര്‍ നദിയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നു. പെരിയാര്‍ തീരത്തെ മഞ്ചുമല ആറ്റോരം ഭാഗത്ത്‌ അഞ്ചു വീടുകളില്‍ വെള്ളം കയറി. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നു വിടുന്ന വെള്ളത്തിൻ്റെ അളവില്‍ തമിഴ്നാട് കുറവ് വരുത്തി തുടങ്ങി.

തമിഴ്‌നാടുമായി മുമ്പ് ഡാം തുറക്കുന്ന കാര്യം സംസാരിച്ചിരുന്നു. ജലനിരപ്പ് ഉയരുന്നത് ആശങ്കയോടെ കാണുന്ന സാഹചര്യത്തില്‍ പകല്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ തമിഴ്‌നാട് തയ്യാറാവണം. പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ തമിഴ്‌നാടിൻ്റെ സഹകരണം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.