
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് ഗുരുവായൂരിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.
നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ചു. സോപാനപടിയില്‍ കാണിക്കയുമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത്, കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയര്‍മാന്‍ കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന്, ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു.
ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.







