മോട്ടോർ വാഹന വകുപ്പ് നിരത്തിലിറങ്ങി; ഇനി നിയമലംഘകർക്കു പിഴയും പണിയും ഉറപ്പ്; ആഗസ്റ്റിൽ മാത്രം കോട്ടയത്തെ റോഡുകളിൽ നിന്നും പിഴയായി ഈടാക്കിയത് 64.25 ലക്ഷം രൂപ

തേർഡ് ഐ ബ്യൂറോ

കോട്ടയം: റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിരത്തിലിങ്ങിയ ആഗസ്റ്റിൽ പിഴയായി ഈടാക്കിയത് 64.25 ലക്ഷം രൂപ. റോഡുകളിലെ പരിശോധനാ സ്ഥലങ്ങളിൽ നിന്നു തന്നെ പിഴ ഈടാക്കുന്നതിനുള്ള ഈ പോസ് മെഷീൻ ഉപയോഗിക്കാൻ ആരംഭിച്ചതിനു ശേഷമുള്ള കണക്കാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്.

ആഗസ്റ്റിൽ മാത്രം 5524 വാഹനങ്ങൾക്കെതിരെ എതിരെയാണ് നടപടിയെടുത്തത്. 6213 നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ 4.51 ലക്ഷം രൂപയും ഇ ചെല്ലാൻ വഴിയാണ് അടച്ചത്. ജൂലൈ മാസത്തിൽ അപകടമരണനിരക്ക് താരതമ്യേന കൂടുതലായി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ, അപകടമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

കേസുകൾ ഇങ്ങനെ
പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത്- 2783,
ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത്- 806
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവിനെ മറികടന്ന് കൂളിംഗ് ഫിലിം ഉപയോഗിച്ചത് -968,
വാഹനത്തിൻറെ രജിസ്‌ട്രേഷൻമാർക്ക് നിയമാനുസൃതം പ്രദർശിപ്പിക്കാത്തത്- 880
സാധുതയുള്ള ഇൻഷുറൻസ് ഇല്ലാത്തത്-197
അപകടകരമായി പാർക്കിംഗ് -102
ഡ്രൈവർ ക്യാബിൻ വേർതിരിക്കാത്തത്-32
ലോഡ് ബോഡി യിൽ യാത്രക്കാരെ കയറ്റിയ ചരക്കു വാഹനങ്ങൾ-27
സീറ്റ് ബെൽറ്റ് ധരിക്കാത്തത്-25
ഇരു ചക്രവാഹനത്തിൽ മൂന്നു പേർ കയറി യാത്ര ചെയ്തത്-20
അപകടകരമായി ചരക്ക് തള്ളിനില്ക്കുന്ന രീതിയിൽ സർവീസ് നടത്തി വാഹനങ്ങൾ-19
അനധികൃതമായി ആയി ലൈറ്റ് ഘടിപ്പിച്ചത്-15.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചത്-15
വാഹനത്തിൽ അനധികൃതമായ ബോർഡുകൾ ഉപയോഗിച്ചത് -7