കേന്ദ്ര മോട്ടോർ വാഹനഭേദഗതി നിയമം : നേട്ടം സ്വകാര്യ കുത്തക കമ്പനികൾക്ക് ; കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തൊഴിയും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നാൽ നേട്ടം സംസ്ഥാനത്തെ സ്വാകാര്യ കുത്തക കമ്പനികൾക്കാകും. കെ.എസ.്ആർ.ടി.സി അടക്കമുള്ള പൊതുമേഖല ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നിരത്തൊഴിയേണ്ടിയും വരും.
കെഎസ്ആർടിസിയെ സംരക്ഷിക്കാനായി സംസ്ഥാനസർക്കാർ നടപ്പാക്കിയ ഫ്‌ളീറ്റ് ഓണർ നിയമത്തെയും പുതിയ കേന്ദ്ര മോട്ടോർ വാഹനഭേദഗതി നിയമത്തിലൂടെ സ്വകാര്യകുത്തകകൾക്ക് മറിടക്കാൻ സാധിക്കും. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണമെന്ന് സംസ്ഥാനത്ത് നിയമമുണ്ട്. ഇതിന് കെഎസ്ആർടിസിക്ക് മാത്രമാണ് കഴിയുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ആർടിസിക്ക് മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും ഭേദഗതി നിയമം വിനയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിയുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1,200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ വൻ തിരിച്ചടിയാകും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നേരിടുക.
സ്വകാര്യ കുത്തക കമ്പനികൾക്കാണ് പുതിയ നിയമത്തിന്റെ നേട്ടം ലഭിക്കുക. അന്തർ സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകുമെന്നതാണ് പുതിയ സ്ഥിതി. എ സി ബസുകൾക്ക് മാത്രമേ ഇതിന് സാധിക്കൂ എന്ന നിബന്ധനയുള്ളതിനാൽ സംസ്ഥാനത്തെ സാധാരണ സ്വകാര്യ സ്റ്റേജ് ക്യാരേജുകൾക്ക് പ്രയോജനപ്പെടില്ല. ബസ് ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ വമ്പൻ ബസ് കുത്തകകൾക്ക് മാത്രം കേന്ദ്രം കൊണ്ടുവരുന്ന നിയമ ഭേദഗതി ഗുണം ചെയ്യും.
സ്വകാര്യ കുത്തകകൾ കയ്യടക്കുന്ന പല റൂട്ടുകളിലും കെ.എസ്.ആർ ടി സി ഓർമയാകും. ലക്ഷ്വറി ബസുകളിൽ മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുമെന്നതാണ് യാത്രക്കാർക്കുള്ള നേട്ടം. എന്നാൽ, അതിനനുസരിച്ച് യാത്രക്കാരുടെ കീശയും കാലിയാകുമെന്നത് മറ്റൊരു വസ്തുതയും.