play-sharp-fill
മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉണ്ടായത് 50 ലക്ഷം രൂപയുടെ നഷ്ടം ; അപകടമുണ്ടായത് ഉയര്‍ന്ന വോള്‍ട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍; ഉത്പാദനം പുനരാരംഭിക്കാനായില്ലെങ്കിൽ പുറമേ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും

മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉണ്ടായത് 50 ലക്ഷം രൂപയുടെ നഷ്ടം ; അപകടമുണ്ടായത് ഉയര്‍ന്ന വോള്‍ട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍; ഉത്പാദനം പുനരാരംഭിക്കാനായില്ലെങ്കിൽ പുറമേ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും

സ്വന്തം ലേഖകൻ

മൂലമറ്റം: മൂലമറ്റം വൈദ്യുത നിലയത്തില്‍ പൊട്ടിത്തെറിയെ തുടർന്ന് നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി വച്ചു. ഭൂഗര്‍ഭ നിലയത്തിലെ 4-ാം നമ്പര്‍ ജനറേറ്ററിന്റെ ഐസലേറ്ററുകളാണ് ഇന്നലെ വൈകിട്ട് ഏഴോടെ പൊട്ടിത്തെറിച്ചത്. ജീവനക്കാര്‍ ആരും സമീപത്ത് ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല.

 

വൈദ്യുത നിലയത്തില്‍ ആകെ പുകപടലം നിറഞ്ഞ അവസ്ഥയിലായിരുന്നു. അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും കെ എസ്‌ഇബി ഉദ്യോഗസ്ഥരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. നിലയത്തില്‍ രാത്രിയും പരിശോധന നടത്തി അപകടാവസ്ഥ മാറി എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നാലാം നമ്പര്‍ ജനറേറ്ററിന്റെ എല്‍എവിടി പാനല്‍ (ലൈറ്റ്‌നിങ് അറസ്റ്റര്‍ ആന്‍ഡ് വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മര്‍) കപ്പാസിറ്ററാണ് പൊട്ടിത്തെറിച്ചത്. ഉയര്‍ന്നവോള്‍ട്ടേജ് താഴ്‌ത്താനുള്ള പ്രൊട്ടക്ഷന്‍ സിസ്റ്റമാണിത്. ഇതില്‍ ഓക്സിലറി ട്രാന്‍സ്ഫോമറിലേക്ക് സപ്ലൈ എടുക്കുന്ന ഐസൊലേറ്ററിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ഈ സമയം ഉദ്യോഗസ്ഥര്‍ സമീപമില്ലാതിരുന്നത് ഭാഗ്യമായി. നാലാം നമ്പര്‍ ജനറേറ്ററില്‍ നിന്നാണ് പവര്‍ ഹൗസിലേക്ക് ആവശ്യമായ വൈദ്യുതി എടുക്കുന്നത്.

 

കെഎസ്‌ഇബി ഉദ്യോഗസ്ഥരും മൂലമറ്റം ഫയര്‍ഫോഴ്‌സ് സംഘവും കാഞ്ഞാര്‍ പൊലീസും ചേര്‍ന്ന് സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇത് ദുരന്തവ്യാപ്തി കുറച്ചു, അഞ്ചു ദിവസമായി നിലയത്തിലെ ആറു ജനറേറ്ററുകളും പൂര്‍ണ പ്രവര്‍ത്തനത്തിലായിരുന്നു. സംസ്ഥാനത്തെ വൈദ്യുതോല്‍പാദനത്തില്‍ പകുതിലധികവും മൂലമറ്റം നിലയത്തില്‍ നിന്നാണ്.

 

12.385 ദശലക്ഷം യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ ഉല്‍പാദനം. പുറമെ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിച്ചാണ് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കിയത്.

 

പവര്‍ ഹൗസില്‍ ഏറെക്കാലത്തിനു ശേഷം നവീകരണപ്രവര്‍ത്തനങ്ങളും നടപ്പാക്കിയിരുന്നു. 2021 ജനുവരി 30 ഓടെയാണ് എല്ലാ ജനറേറ്ററുകളും പ്രവര്‍ത്തന സജ്ജമാക്കിത്. ആറ് ജനറേറ്ററുകളും തകരാറുകള്‍ പരിഹരിച്ച്‌ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് കെഎസ്‌ഇബിക്ക് ആശ്വാസമായിരുന്നു. ഇതിനിടെയാണ് അപകടമെത്തുന്നത്. ഈ സാഹചര്യത്തില്‍ പരിമിത ലോഡ് ഷെഡിങ് തുടരേണ്ടി വരും.

 

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വക്കേണ്ടി വന്നിരിക്കുകയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. തകരാര്‍ പരിഹരിച്ച്‌ ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു.

 

ഇതു തന്നെയാണ് കെ എസ് ഇ ബിയെ പ്രതിസന്ധിയിലാക്കുന്നത്. ആറു ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാനായില്ലെങ്കില്‍ പുറമേ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഇത് കെ എസ് ഇ ബിയുടെ ചെലവും കൂട്ടും. സംസ്ഥാനത്തൊട്ടാകെ ഇന്നലെ വൈകിട്ട് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. 50 ലക്ഷം രൂപയുടെ നഷ്ടമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നത്.