
തിരുവനന്തപുരം: കാലവർഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദുരന്തസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളും മുന്നൊരുക്ക പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള അപകടസാധ്യതകളും മുൻനിർത്തി സംസ്ഥാനതലത്തിൽ ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഡാമുകളുടെ സുരക്ഷ, ജലനിരപ്പ്, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണമെന്നും കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും തുടർച്ചയായ ഏകോപനം പുലർത്തണമെന്നും നിർദേശിച്ചു. ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരങ്ങൾ പുതുക്കി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
മഴക്കാല പൂർവ ശുചീകരണം, ഓട-കനാൽ ശുചീകരണം, മാലിന്യനിർമാർജനം, കൊതുക് നശീകരണ പ്രവർത്തനങ്ങൾ എന്നിവ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, റോഡുകളിലെ കുഴികൾ അടയ്ക്കുക, സ്കൂളുകളുടെയും ആരോഗ്യ മേഖലയുടെയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പാമ്പുകടിയടക്കമുള്ള അടിയന്തര ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ നൽകി. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണമെന്നും പ്രവർത്തനങ്ങളുടെ മേൽനോട്ടം ചീഫ് സെക്രട്ടറിയും ജില്ലാകളക്ടർമാരും ഉറപ്പാക്കണമെന്നും യോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







