play-sharp-fill
മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; പൊലീസ്

മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ല; പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോമോ ഗെയിമിനെ ഭയപ്പെടേണ്ടതില്ലെന്നു കേരള പോലീസ്. മോമോ ഗെയിമിനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായും അത് കാരണം നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും സൈബർ ഡോം നോഡൽ ഓഫീസർ ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസുപോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഇത്തരത്തിൽ യാതൊന്നും സംഭവിക്കാതിരിക്കുന്നതിനു രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്ന് ഐ.ജി.അഭ്യർത്ഥിച്ചു. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർഡോമിനെയോ അറിയിക്കണം. വാട്‌സാപ്പിലൂടെ അജ്ഞാതനെ പരിചയപ്പെടുക എന്നതാണ് മോമോ ഗെയിമിന്റെ ആദ്യപടി. അജ്ഞാതനെ പരിചയപ്പെടാൻ ആവശ്യപ്പെടുന്ന മെസേജിൽ നിന്നാണു തുടക്കം. തുടർന്ന് ഈ നമ്പരിൽനിന്നു പേടിപ്പെടുത്തുന്ന മെസേജുകളും വിഡിയോകളും ലഭിക്കും. തുടർന്നു സ്വയം മുറിപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ആവശ്യപ്പെടും.


ഭീകരരൂപിയായ സ്ത്രീയുടെ ചിത്രമാണു മോമോയുടെ ഐക്കൺ. അജ്ഞാത നമ്പറുമായി ബന്ധം സ്ഥാപിക്കാൻ ചലഞ്ച് ചെയ്താണു മോമോ ഗെയിം ആരംഭിച്ചതെന്നാണു മെക്‌സിക്കോയിലെ കംപ്യൂട്ടർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജന്റീനയിൽ ആത്മഹത്യ ചെയ്ത കൗമാരക്കാരിയുടെ മരണത്തിനു പിന്നിൽ മോമോ ആണോ എന്ന് അന്വേഷിച്ചു വരികയാണ്. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group