video
play-sharp-fill
മോദി സർക്കാരിന് ലഡ്ഡുവുമായി മുസ്ലീം വനിതകൾ: മുത്തലാഖിന്റെ ക്രൂരതകളിൽ നിന്നും ആശ്വാസവുമായി സർക്കാർ; അഭിനന്ദനവുമായി മുസ്ലീം വനിതാ സംഘടനകൾ

മോദി സർക്കാരിന് ലഡ്ഡുവുമായി മുസ്ലീം വനിതകൾ: മുത്തലാഖിന്റെ ക്രൂരതകളിൽ നിന്നും ആശ്വാസവുമായി സർക്കാർ; അഭിനന്ദനവുമായി മുസ്ലീം വനിതാ സംഘടനകൾ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: മുത്തലാഖിനെ രാഷ്ട്രീയമായി എതിർത്ത് പ്രതിപക്ഷവും മുസ്ലീം സംഘടനകളും നിലനിൽക്കുമ്പോഴും മോദി സർക്കാരിന് മധുരം വിതരണം ചെയ്ത് ആഘോഷവുമായി മുസ്ലീം വനിതകളും സംഘടനകളും. മുത്തലാഖ് കുറ്റമാക്കുന്ന നിയമം രാജ്യസഭ അംഗീകരിച്ചതോടെയാണ് മോദി സർക്കാരിന് നന്ദിയറിയിച്ച് മുസ്ലീം വനിതകൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ മധുരം വിതരണം ചെയ്തത്. അടിമത്തത്തിൽ നിന്നും തങ്ങളെ മോചിപ്പിച്ച നരേന്ദ്രമോദിയ്ക്കും സർക്കാരിനും ലഡ്ഡു വിതരണം ചെയ്താണ് ഇവർ തങ്ങളുടെ സന്തോഷ് പങ്കുവയ്ക്കുന്നത്.  തങ്ങൾ വര്ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ് ബിജെപി സർക്കാർ നീക്കിയതെന്ന് അവർ പറഞ്ഞു. മുംബൈയിലും ഹൈദരാബാദിലും മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് മുസ്ലീം വനിതകൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.
രാജ്യസഭ പാസാക്കിയ മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്ലിൽ മുസ്ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തുന്ന പുരുഷന് മൂന്നു വർഷം ജയിൽ ശിക്ഷ ഈ നിയമം ഉറപ്പാക്കുന്നു. മുത്തലാഖ് കേസിൽ പ്രതിയായ പുരുഷന് ജാമ്യം നൽകാൻ കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്‌ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും.
മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഒരു എഫ്‌ഐആർ ഫയൽ ചെയ്ത് മുത്തലാഖ് ചൊല്ലിയ വ്യക്തിക്കെതിരെ കുറ്റം ചുമത്താം. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തിൽ കുറ്റം ചുമത്തപ്പെട്ടവർക്ക് ജാമ്യം ലഭിക്കുകയുള്ളൂ.
2018 ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചത്. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ മോദി സർക്കാർ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കർ പ്രസാദ് എന്നിവർ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതും ഇന്നു രാജ്യസഭ പാസാക്കുന്നതും. 84 എതിരെ 99 വോട്ടിനാണ് മുത്തലാഖ് നിയമമായത്.