സംരക്ഷണകേന്ദ്രത്തില്‍ നിന്നും ഒളിച്ചോടിയ വിദ്യാര്‍ഥിനികള്‍ പുഴയില്‍ ചാടി; അനുനയിപ്പിക്കൽ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്തി
സ്വന്തം ലേഖിക
ഇരിട്ടി: എടൂരിലെ കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ നിന്നും ഒളിച്ചോടി പുഴയില്‍ ചാടിയ എട്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ഥിനികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വലിയ ആഴമുള്ളതും ചെളിനിറഞ്ഞതുമായ സ്ഥലത്താണ് കുട്ടികള്‍ ചാടിയത്. കുട്ടികളെ അനുനയിപ്പിച്ച് കരയ്‌ക്കെത്തിക്കാനുള്ള ശ്രമം വിജയിക്കാഞ്ഞതോടെ നാട്ടുകാരില്‍ ചിലര്‍ പുഴയിലേക്ക് ചാടിയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ഓടെ ഇരുചക്രവാഹനത്തില്‍ ഇരിട്ടിഭാഗത്തേക്ക് പോവുകയായിരുന്ന യുവാവാണ് രണ്ട് വിദ്യാര്‍ഥിനികളെയും കരിയാല്‍ ടൗണിന് സമീപത്ത് റോഡരികില്‍ കാണുന്നത്.
ഒരു കുട്ടി കരയുന്നതുകണ്ട് വാഹനം നിര്‍ത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഞങ്ങള്‍ ഇതിനടുത്തുള്ളവരാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. യുവാവ് ഉടന്‍തന്നെ സമീപത്തുള്ള താമസക്കാരെയും ഇരിട്ടി പോലീസിലും വിവരമറിയിച്ചു.
ഇതിനിടയില്‍ കുട്ടികള്‍ ഇവിടെ നിന്നും ഓടിപ്പോവുകയും കരിയാല്‍ പള്ളിക്ക് സമീപത്തുള്ള റബ്ബര്‍ത്തോട്ടത്തില്‍ അവരുടെ കൈയിലുള്ള ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസെത്തി ബാഗ് പരിശോധിച്ചതോടെ എട്ടാംക്ലാസിലും അഞ്ചാംക്ലാസിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസ്സിലായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് എടൂരിലുള്ള കുട്ടികളുടെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയതാണെന്നറിഞ്ഞത്.
ഇതിനിടയില്‍ കുട്ടികള്‍ പായം പുഴക്കരയില്‍ എത്തിയതായി വിവരം ലഭിച്ചു. പോലീസും നാട്ടുകാരില്‍ ചിലരും സ്ഥലത്ത് എത്തുയപ്പോഴേക്കും കുട്ടികള്‍ പുഴയിലേക്ക് ചാടുകയായിരുന്നു.
ഇരുവരെയും ശിശുക്ഷേമസമിതിയുടെ തലശ്ശേരിയിലുള്ള പെണ്‍കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.