Spread the love

കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയത്ത് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കേന്ദ്രസംഘം കോട്ടയത്ത് സന്ദര്ശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
ജില്ലാ കളക്ടര് ചേതന്കുമാര് മീണ, ജില്ലാ പോലീസ് ചീഫ് ഷാഹുല് ഹമീദ്, പ്രോട്ടോകോള് ഓഫീസര് അമിത് ശര്മ, തരുണ് എന്നിവരുടെ നേതൃത്വത്തില് ഉപരാഷ്ട്രപതി വന്നിറങ്ങുന്ന കളക്ടറേറ്റിനു സമീപമുള്ള ഹെലിപാഡ്, സമ്മേളനം നടക്കുന്ന മാമ്മന്മാപ്പിള ഹാള്, ദീപിക കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില് സന്ദര്ശനം നടത്തുകയും ക്രമീകരണങ്ങള് വിലയിരുത്തുകയും ചെയ്തു.

video
play-sharp-fill

മാമ്മന്മാപ്പിള ഹാളില് സ്റ്റേജിനു സമീപമായി ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന് റൂം സജ്ജമാക്കി. ഗ്രീന് റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്, സദസിലെ ഇരിപ്പടങ്ങള്, മാധ്യമ പ്രവര്ത്തകര്ക്കുള്ള സൗകര്യങ്ങള്‍, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവയില് കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളില് പോലീസ് സംതൃപ്തരാണ്.
കേന്ദ്ര സംഘത്തിന്റെ സന്ദര്ശനത്തിന്റെ ഭാഗമായി രാവിലെ പോലീസ് ക്ലബ്ബില് അവലോകന യോഗവും ചേര്ന്നു. വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്, പോലീസ്, സ്പെഷല് ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര് തുടങ്ങിയവരും യോഗത്തില് പങ്കെടുത്തു.

ഉപരാഷ്ട്രപതി ഹെലികോപ്റ്ററില് എത്തുന്ന പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണം പൂര്ത്തിയായി ട്രയല് നടത്തി. പരേഡ് ഗ്രൗണ്ടില്നിന്ന് ഉപരാഷ്ട്രപതി റോഡ് മാര്ഗം സമ്മേളന നഗരിയായ മാമ്മന് മാപ്പിള ഹാളിലെത്തും. വാഹന വ്യൂഹം കടന്നുപോകുമ്പോള് മറ്റു വാഹനങ്ങള് റോഡില് അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സന്ദര്ശനത്തോടനബന്ധിച്ചുള്ള ട്രയല്റണ് ആന്ഡ് റിക്രിയേഷന് ഇന്നുച്ചകഴിഞ്ഞു നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവേശനം പാസ് മൂലം
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില് പങ്കെടുക്കുന്നവർക്കു പാസ് ലഭ്യമാക്കും. നിർബന്ധമായും പാസും തിരിച്ചറിയല്‍ കാർഡും കൈവശം കരുതണം. പാസില്ലാത്തവര്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സമ്മേളനത്തില് പങ്കെടുക്കാനെത്തുന്നവര് കൃത്യം 1.30ന് സമ്മേളന ഹാളില് പ്രവേശിക്കണം.

പങ്കെടുക്കാനെത്തുന്നവര് ബാഗ്, കുട, ഇലക്ട്രോണിക്സ് ഉപകരണങ്ങള്, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള് എന്നിവ ഹാളിനുള്ളില് പ്രവേശിപ്പിക്കരുത്. ഇത് അനുവദിക്കുന്നതല്ല. സമ്മേളന ഹാളില് പ്രവേശിച്ചയുടൻതന്നെ എല്ലാവരും മൊബൈല് ഫോണ് സ്വിച്ച്‌ ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്ഥനാഗാനം എന്നീ സമയങ്ങളില് വേദിയില്നിന്നു തരുന്ന നിര്ദേശങ്ങള് കൃത്യമായി പാലിക്കണം.
 പാര്ക്കിംഗ്
സമ്മേളനത്തില് പങ്കെടുക്കുന്ന വിഐപികളുടെ വാഹനങ്ങള് ജറുസലേം പള്ളി മൈതാനത്താണ് പാര്ക്ക് ചെയ്യേണ്ടത്. മറ്റു വാഹനങ്ങള് മാര് ഏലിയാ കത്തീഡ്രല്, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളില് പാര്ക്ക് ചെയ്യണം. വലിയ വാഹനങ്ങളിലെത്തുന്നവര് സമ്മേളന ഹാളിനു സമീപം ആളെ ഇറക്കി നഗരത്തില് സൗകര്യപ്രദമായ സ്ഥലങ്ങളില് പാര്ക്ക് ചെയ്യണം.
ഗതാഗത നിയന്ത്രണം

നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതല് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഗതാഗത നിയന്ത്രണങ്ങള് ഏര്പ്പെടുത്തും. എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു മെഡിക്കല് കോളജ്, ഏറ്റുമാനൂര് ഭാഗങ്ങളിലേക്കു പോകേണ്ട വാഹനങ്ങള് സിമന്റ് കവലയില്നിന്നു തിരിഞ്ഞ് പാറേച്ചാല് ബൈപ്പാസ്, തിരുവാതുക്കല്, കുരിശുപള്ളി, അറത്തൂട്ടി വഴി ചാലുകുന്നിലെത്തി ഇടത്തേക്ക് തിരിഞ്ഞ് പോകണം. കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള് തിരുവാതുക്കലില്നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇല്ലിക്കല് വഴി പോകണം. എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു കഞ്ഞിക്കുഴി, മണര്കാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള് മണിപ്പുഴ ജംഗ്ഷനില്നിന്നു വലത്തോട്ട് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.
കെഎസ്‌ആര്ടിസി സ്റ്റാന്ഡില്നിന്നു കെകെ റോഡ് വഴി മണര്കാട്, പാമ്പാടി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള് മണിപ്പുഴ ജംഗ്ഷനില് എത്തി ഇടത്തേക്ക് തിരിഞ്ഞ് കൊല്ലാട്, ദേവലോകം വഴി കഞ്ഞിക്കുഴി ജംഗ്ഷനില് എത്തി യാത്ര തുടരണം.

നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്ഡില്നിന്നു മണര്കാട്, പുതുപ്പള്ളി, കൊല്ലാട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള് സിയേഴ്സ് ജംഗ്ഷനില്നിന്നു വലത്തേക്കു തിരിഞ്ഞ് മംഗളം ജംഗ്ഷനില് എത്തി വട്ടമൂട് പാലം വഴി കഞ്ഞിക്കുഴി ജംഗ്ഷനില് എത്തി യാത്ര തുടരണം. മണര്കാട്, പുതുപ്പള്ളി ഭാഗങ്ങളില്നിന്നു വരുന്ന കെഎസ്‌ആര്ടിസി, പ്രൈവറ്റ് ബസുകള് ഉള്പ്പെടെ എല്ലാ വാഹനങ്ങളും കഞ്ഞിക്കുഴി ജംഗ്ഷനില്നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട് വഴി മണിപ്പുഴ ജംഗ്ഷനില് എത്തി വലത്തേക്ക് തിരിഞ്ഞ് പോകണം.

മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്നിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് പട്ടിത്താനം ജംഗ്ഷനില്നിന്നു തിരിഞ്ഞ് ഏറ്റുമാനൂര് മണര്കാട് ബൈപാസ്, പുതുപ്പള്ളി വഴി പോകണം.
മണര്കാട് ഭാഗത്തുനിന്നു മെഡിക്കല് കോളജ് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് ഏറ്റുമാനൂര് മണര്കാട് ബൈപാസ് വഴി പൂവത്തുംമൂട് ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സംക്രാന്തി വഴിയും ഏറ്റുമാനൂര് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് പേരൂര് വഴിയും പോകണം.

കോട്ടയം മെഡിക്കല് കോളജ് ഭാഗത്തുനിന്നു ചങ്ങാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള് കുടയംപടി, ചാലുകുന്ന് ജംഗ്ഷന് വഴി അറത്തൂട്ടി ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് തിരുവാതുക്കല് ജംഗ്ഷന്, പാറേച്ചാല് ബൈപാസ് വഴി പോകണം.നാളെ രാവിലെ 11 മുതല് ഉപരാഷ്ട്രപതിയുടെ സന്ദര്ശനം അവസാനിക്കുന്നതുവരെ ചരക്ക് വാഹനങ്ങള്ക്ക് കോട്ടയം ടൗണില് പ്രവേശനം അനുവദിക്കില്ല.