
പാലക്കാട്: കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളില്‍ വലിയ കോലാഹലങ്ങളോടെ നിർമാണോദ്ഘാടനം നിർവഹിച്ച ‘മിന്നല്‍ മാജിക്’ ബ്രാൻഡി മദ്യത്തിന്റെ ഉത്പാദനവും വിതരണവും പുതിയ യുഡിഎഫ് സർക്കാർ തടഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും ക്രമക്കേടുകളിലും സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം, ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ തുടർനടപടികള്‍ സ്വീകരിക്കൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ധൃതിപിടിച്ചുള്ള ഉദ്ഘാടനവും വിവാദങ്ങളും
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാല്‍, ഉദ്ഘാടന സമയത്ത് കെട്ടിടത്തിന്റെ സിവില്‍ ജോലികള്‍ പോലും പൂർത്തിയായിരുന്നില്ലെന്ന ഗുരുതരമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
മദ്യത്തിന് ‘മിന്നല്‍ മാജിക്’ എന്ന് പേരിട്ടതുമായി ബന്ധപ്പെട്ടും വലിയ വിവാദങ്ങള്‍ ഉയർന്നിരുന്നു. പദ്ധതിക്കെതിരെ യുഡിഎഫ് അനുകൂല ട്രേഡ് യൂണിയനുകളും ശക്തമായ ആശങ്കകളുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.







