
കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയത്. 250 മെഗാ വാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള പെറ്റീഷനുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് കഴിഞ്ഞ എട്ടിനാണ് കെഎസ്ഇബി പെറ്റീഷൻ നൽകിയത്.
എന്നാൽ, കമ്മീഷൻ നടപടികള്‍ വൈകിപ്പിച്ചുവെന്നാണ് വൈദ്യുതി വകുപ്പിന്‍റെ നിലപാട്. ഇക്കഴിഞ്ഞ 24നാണ് റെഗുലേറ്ററി ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഹിയറിങ് നടത്തിയത്. അന്നും അനുമതി നൽകികൊണ്ടുള്ള ഉത്തരവിറക്കിയില്ല. ഒടുവിൽ മന്ത്രിയുടെ ഓഫീസ് പ്രതിഷേധിച്ചപ്പോഴാണ് 26 ന് ഉത്തരവ് ഇറങ്ങിയത്. അപ്പോഴേക്കും പവർ എക്സ്ചേഞ്ചൽ വൈദ്യുതി ലഭ്യമല്ലായിരുന്നു. കഴിഞ്ഞ 18 വരെ വൈദ്യുതി ലഭ്യമായിരുന്നു. നേരത്തെ പെറ്റീഷനിൽ തീരുമാനം എടുത്തിരുന്നെങ്കിൽ വൈദ്യുതി കിട്ടുമായിരുന്നുവെന്നും ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നുമാണ് കെഎസ്ഇബി പറയുന്നത്.






