
തിരുവനന്തപുരം: മില്‍മ പാല്‍ വില കൂട്ടിയ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖർ.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാർക്ക് മേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്ന ശൈലിയല്ല കോണ്‍ഗ്രസ് സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന കേരളത്തില്‍, പാലിന്‍റെ വില വീണ്ടും കൂട്ടുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ക്ഷീരകർഷകർക്ക് ന്യായമായ വില ലഭിക്കുക തന്നെ വേണം. എന്നാല്‍ അതിന്‍റെ ഭാരം സാധാരണക്കാരായ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് എല്‍ഡിഎഫ് സർക്കാർ ചെയ്തതും ഇതുതന്നെയാണ്. സർക്കാരിന്‍റെ വീഴ്ചകള്‍ സാധാരണക്കാരായ മലയാളി കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുമ്പോള്‍, വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കാൻ ബിജെപിയും എൻഡിഎ തയ്യാറല്ല.
ഈ വിലവർദ്ധന ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കില്‍ ഇതിനെ ശക്തമായി എതിർക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും.
ഉത്പാദനച്ചെലവുകള്‍ കുറച്ചുകൊണ്ട് കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ജനങ്ങളോട് വ്യക്തമാക്കണം. ഒന്നിനു പുറകെ ഒന്നായി അടിച്ചേല്‍പ്പിക്കുന്ന വിലക്കയറ്റമല്ല, മലയാളികള്‍ക്ക് ഇപ്പോള്‍ വേണ്ടത് ആശ്വാസ നടപടികളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.







