play-sharp-fill
അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍; പാചകവും കഴിപ്പും ഉറക്കവുമെല്ലാം ഇവിടെ ; സമ്പന്നനായ ഉടമയ്ക്ക് വാടകയായി നല്‍കുന്നത് 500 രൂപ; സംഭവം വിവാദമായതോടെ മാറ്റി പാര്‍പ്പിച്ച്‌ പൊലീസ്

അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍; പാചകവും കഴിപ്പും ഉറക്കവുമെല്ലാം ഇവിടെ ; സമ്പന്നനായ ഉടമയ്ക്ക് വാടകയായി നല്‍കുന്നത് 500 രൂപ; സംഭവം വിവാദമായതോടെ മാറ്റി പാര്‍പ്പിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ

എറണാകുളം: പിറവത്ത് അതിഥി തൊഴിലാളി താമസിക്കുന്നത് പട്ടിക്കൂട്ടില്‍. പാചകവും കഴിപ്പും ഉറക്കവുമെല്ലാം ഈ പട്ടിക്കൂടിനുള്ളില്‍ തന്നെ. 500 രൂപയാണ് മാസ വാടക. സമ്പന്നനായ വീട്ടുടമയാണ് വാടക വാങ്ങി അതിഥി തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ചിരിക്കുന്നത്. മൂന്നുമാസമായി ഈ പട്ടിക്കൂടാണ് അതിഥി തൊഴിലാളിയായ ശ്യാം സുന്ദറിന്റെ വീട്.

പിറവം-പെരുവ റോഡില്‍ പിറവം പോലീസ് സ്റ്റേഷനും പുരത്തറക്കുളത്തിനുമടുത്തുള്ള വീട്ടിലാണ് സംഭവം. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ തൊഴിലാളി ശ്യാംസുന്ദര്‍ (37) ആണ് പട്ടിക്കൂട്ടില്‍ വാടകയ്ക്ക് കഴിഞ്ഞത്. സംഭവം വിവാദമായതോടെ പോലീസും ജനപ്രതിനിധികളും ചേര്‍ന്ന് ശ്യാംസുന്ദറിനെ ഭാര്യാസഹോദരന്‍ താമസിച്ചിരുന്ന പിറവം ടൗണിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരത്തറക്കുളത്തിനടുത്ത് ബിസിനസുകാരനായ സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്നുള്ള വിശാലമായ പട്ടിക്കൂട്ടിലാണ് ശ്യാംസുന്ദര്‍ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ചിരുന്നത്. തീരെ ചെറുതല്ലാത്ത പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാര്‍ഡ് ബോര്‍ഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാന്‍ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടില്‍ വാടകക്കാര്‍ ഉണ്ടെന്നും ശ്യാം സുന്ദര്‍ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേര്‍ന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി. പട്ടിക്കൂട്ടില്‍ താമസിക്കുന്നതിന് 500 രൂപ വാടക വാങ്ങുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

സ്വകാര്യ വ്യക്തി റോഡിന് മറുവശത്ത് പുതിയ വീട് നിര്‍മിച്ച്‌ താമസമാക്കിയതോടെ പഴയ വീട് വാടകയ്ക്ക് നല്‍കി. അതിഥിത്തൊഴിലാളികളടക്കം രണ്ട് കുടുംബങ്ങള്‍ പഴയ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം താമസിക്കാന്‍ പണമില്ലാത്തതിനാലാണ് ശ്യാം സുന്ദര്‍ പട്ടിക്കൂട്ടില്‍ താമസമാക്കിയത്. ശ്യാംസുന്ദര്‍ പട്ടിക്കൂട്ടില്‍ താമസിക്കുന്ന വിവരം നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പിറവം നഗരസഭാധികൃതരും പോലീസും സ്ഥലത്തെത്തി.

പോലീസ് ശ്യാംസുന്ദറിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത ശ്യാംസുന്ദര്‍ സ്വന്തം ഇഷ്ടപ്രകാരം സൗകര്യമുള്ള സ്ഥലത്ത് താമസിച്ചതിന് എന്ത് നടപടിയെടുക്കുമെന്ന ആലോചനയിലാണ് പോലീസ്. ശ്യാംസുന്ദറില്‍ നിന്ന് പോലീസ് മൊഴിയെടുത്തുവെങ്കിലും ആരുടെയും പേരില്‍ കേസെടുത്തിട്ടില്ല. അനൂപ് ജേക്കബ് എം.എല്‍.എ., നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷന്‍ കെ.പി. സലിം എന്നിവരും നഗരസഭാ കൗണ്‍സിലര്‍മാരും സ്ഥലത്തെത്തിയിരുന്നു.