
മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം: ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിലായി
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആർപ്പൂക്കര സ്വദേശി പൊലീസ് പിടിയിലായി. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ ജിനു ടി.പി(44)യെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നു പിടികൂടിയത്. പുലർച്ചെ അഞ്ചു മണി മുതൽ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയും പരിസരവും കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും നിരീക്ഷണം നടത്തി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടത്തിയ അന്വേഷണത്തിൽ ജിനുവാണ് പ്രദേശത്ത് കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതെന്നു കണ്ടെത്തിയിരുന്നു. ഇയാളുടെ പിന്നാലെ കൂടിയ പൊലീസ് സംഘം പുലർച്ചെ അഞ്ചു മണിയ്ക്കടക്കം ഇയാൾ പ്രദേശത്ത് ഓട്ടോറിക്ഷയിൽ എത്തി കഞ്ചാവ് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളികളും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത്. തുടർന്നു നടത്തിയ പരിശോധനയ്‌ക്കൊടുവിൽ ഇന്നലെ പുലർച്ചെയോടെ പ്രതിപിടിയിലാകുകയായിരുന്നു.
ഇയാളിൽ നിന്നും 650 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിരുന്നു. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജി, എസ്.ഐ കെ.കെ പ്രശോഭ്, എ.എസ്.ഐ സുരേഷ്‌കുമാർ, സിവിൽ പൊലീസ് ഓഫിസർ സോണി, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, എസ്.അരുൺ, കെ.ആർ അജയകുമാർ, വി.കെ അനീഷ്, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.