
മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ മൈനാഗപ്പള്ളി, കല്ലുമല, നാലുകോടി റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (GAD) ദക്ഷിണ റെയിൽവേ അന്തിമ അംഗീകാരം നൽകി. പദ്ധതികൾ നിർമ്മാണഘട്ടത്തിലേക്ക് കടക്കുന്നതിനുള്ള പ്രധാന സാങ്കേതിക അനുമതിയാണിതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
മേൽപ്പാലങ്ങൾക്കായി 2021-ൽ തന്നെ റെയിൽവേയുടെ ഭരണാനുമതിയും ആവശ്യമായ ഫണ്ടും ലഭ്യമായിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ നടപടിക്രമങ്ങളിലെ കാലതാമസം മൂലം പദ്ധതികൾ വർഷങ്ങളോളം മുന്നോട്ടുപോകാതെ കിടന്നുവെന്ന് എംപി പറഞ്ഞു. വിഷയം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ശ്രദ്ധയിൽ പലതവണപ്പെടുത്തിയതായും പാർലമെന്റിലും ഉദ്യോഗസ്ഥതല യോഗങ്ങളിലും തുടർച്ചയായി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം 50:50 ചെലവ് പങ്കിടൽ മാതൃകയിൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന പദ്ധതികൾ പിന്നീട് റെയിൽവേയുടെ നൂറുശതമാനം സാമ്പത്തിക സഹായത്തോടെ നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KRDCL) ഏകോപനത്തിലാകും സംസ്ഥാനത്തെ 37 റോഡ് ഓവർ ബ്രിഡ്ജുകളും ഒരു റെയിൽവേ അണ്ടർ ബ്രിഡ്ജും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുകയെന്ന് എംപി അറിയിച്ചു.





