Spread the love

 

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ പ്രഖ്യാപനത്തിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സർക്കാർ മുൻകൂർ അനുമതിയോ കൂടിയാലോചനയോ ഇല്ലാതെയാണ് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നതെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പിനോട് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

video
play-sharp-fill

അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (എവിഎപിപിഎൽ) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച കൺസഷൻ കരാർ നിലവിലിരിക്കെ ഓഹരി ഘടനയിൽ മാറ്റം വരുത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ് സർക്കാർ നിലപാട്. ഇത്തരമൊരു നിർണായക തീരുമാനത്തിന് മുമ്പ് സർക്കാരിനെ അറിയിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കൺസഷൻ കരാറിലെ വ്യവസ്ഥകൾ, നിയമപരമായ ബാധ്യതകൾ, മറ്റ് നിയന്ത്രണങ്ങൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുകയെന്നും അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group