
വനം വകുപ്പ് തെളിവെടുപ്പിനിടെ മത്തായിയുടെ ദുരൂഹ മരണം: അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം
സ്വന്തം ലേഖകൻ
പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ കര്‍ഷകന്‍ മത്തായി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.
ചിറ്റാറിൽ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റില്‍ വീണ് മരിച്ചത്. വനംവകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ മാസം 28നാണ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍നിന്നു കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മരണ വിവരമാണു ബന്ധുക്കള്‍ അറിയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണു നിലവില്‍ കേസന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ ആരെയെങ്കിലും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പി.പി.മത്തായിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍.