
മണ്ണാര്‍ക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രണയകലഹത്തിന്റെ പേരില്‍; കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം; പ്രതി ജംഷീറിനെ പിടികൂടി പൊലീസ്, മൊഴി ഞെട്ടിക്കുന്നത്; ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും
സ്വന്തം ലേഖകന്‍
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജംഷീര്‍ ആണ് പിടിയിലായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ ജംഷീറിനെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടുന്നത്. കൊലപ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യമെന്നും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. വീട്ടില്‍ അതിക്രമിച്ച് കയറല്‍, വധശ്രമം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്ക് മേല്‍ ചുമത്തും. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് ഡിവൈഎസ്പി കൃഷ്ണദാസ് അറിയിച്ചു.
ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി സുഹൃത്ത് ജംഷീര്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കള്‍ ഉണര്‍ന്നതോടെ ജംഷീര്‍ ഓടി രക്ഷപ്പെട്ടു. സാരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെ അതിക്രമമുണ്ടായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ജംഷീര്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ ഉപയോഗിച്ച് മുറുക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ നട്ടെല്ലിനും പരുക്കേറ്റു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നാട്ടുകാരില്‍ നിന്നും വിശദമായ വിവരം ശേഖരിച്ചു.പെണ്‍കുട്ടിയുടെ പിതാവ് വിദേശത്താണ്. കോവിഡ് ബാധിച്ചതിനാല്‍ അമ്മ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലാണ്. ആക്രമണ സമയം മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടിയുണ്ടായിരുന്നത്.