മനേഷിന്റെ കാല്‍പ്പാദം വെട്ടിമാറ്റിയത് ജീവനോടെ; കാല്‍പ്പാദം മുറിഞ്ഞുതൂങ്ങിയതോടെ മനേഷിനെ നിലത്തിട്ട് ചവിട്ടിപ്പിടിച്ചു; അറ്റ് പോരാഞ്ഞതിനാല്‍ ചവിട്ടിപ്പിടിച്ച്‌ പറിച്ചുമാറ്റി; നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞപ്പോള്‍ പിന്നാലെയെത്തി വെട്ടി വീഴ്‌ത്തി; മനേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത് 25 മുറിവുകള്‍; നടന്നത് അരുംകൊല

മനേഷിന്റെ കാല്‍പ്പാദം വെട്ടിമാറ്റിയത് ജീവനോടെ; കാല്‍പ്പാദം മുറിഞ്ഞുതൂങ്ങിയതോടെ മനേഷിനെ നിലത്തിട്ട് ചവിട്ടിപ്പിടിച്ചു; അറ്റ് പോരാഞ്ഞതിനാല്‍ ചവിട്ടിപ്പിടിച്ച്‌ പറിച്ചുമാറ്റി; നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞപ്പോള്‍ പിന്നാലെയെത്തി വെട്ടി വീഴ്‌ത്തി; മനേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത് 25 മുറിവുകള്‍; നടന്നത് അരുംകൊല

സ്വന്തം ലേഖിക

കോട്ടയം: കങ്ങഴ ഇടയപ്പാറയില്‍ വടക്കേറാട്ട് വാണിയപ്പുരയ്ക്കല്‍ മനേഷി (32) ൻ്റെത് അതിക്രൂരമായ കൊലപാതകം.

ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ജീവനോടെയാണ് മനേഷിൻ്റെ കാല്‍പ്പാദം വെട്ടിമാറ്റിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ആക്രമിച്ച്‌ അവശനാക്കിയശേഷം, മുഖ്യപ്രതി കടയിനിക്കാട് പുതുപ്പറമ്പില്‍ ജയേഷ് (31) മനേഷിന്റെ കാല്‍പ്പാദം ഗൂര്‍ഖ കത്തികൊണ്ട് വെട്ടിമുറിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍പ്പാദം മുറിഞ്ഞുതൂങ്ങിയതോടെ മറ്റ് പ്രതികള്‍ മനേഷിനെ നിലത്തിട്ട് ചവിട്ടിപ്പിടിച്ചു. തുടര്‍ന്ന് ജയേഷ് കാല്‍പ്പാദം തിരിച്ച്‌ മുറിച്ചെടുത്തു. ഈ സമയം മനേഷ് നിലവിളിച്ചുകൊണ്ട് തോട്ടത്തിലൂടെ ഇഴഞ്ഞെന്ന് പ്രദേശവാസികള്‍ പൊലീസിനോട് വെളിപ്പെടുത്തി.

മരണം ഉറപ്പാക്കിയ ശേഷമാണ് മുറിച്ചെടുത്ത കാല്‍പ്പാദവുമായി പ്രതികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതെന്നും കറുകച്ചാല്‍ പൊലീസ് പറഞ്ഞു. സംഭവത്തിലെ കൂട്ടുപ്രതികളായ കങ്ങഴ വടക്കേറാട്ടുപടി കല്ലൂതാഴ്ചയില്‍ ജിജോ വര്‍ഗീസ് (28), കങ്ങഴ പാണ്ടിയാംകുഴി കൈലാത്ത് സച്ചിന്‍ സുരേഷ് (26) എന്നിവരെ കറുകച്ചാല്‍ പൊലീസ് പിടികൂടി.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മനേഷിനെ റബ്ബര്‍ത്തോട്ടത്തിലിട്ട് സംഘം ചേര്‍ന്ന് കൊന്നശേഷം ഒന്നരക്കിലോമീറ്റര്‍ അകലെ മുണ്ടത്താനത്ത് കാല്‍പ്പാദം റോഡരികില്‍ തള്ളിയത്. ആയുധങ്ങളുമായി എത്തിയ പ്രതികളെ കണ്ട മനേഷ് പഞ്ചായത്ത് റോഡില്‍ നിന്നും 400 മീറ്ററോളം റബ്ബര്‍തോട്ടത്തിലൂടെ ഓടി. പിന്തുടര്‍ന്നെത്തിയ പ്രതികള്‍ മനേഷിനെ വെട്ടിവീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട മനേഷിന്റെ ദേഹത്ത് 25 മുറിവുകളാണ് കണ്ടെത്തിയത്. കാലിനും പുറത്തും തുടയിലും നെഞ്ചത്തുമാണ് കൂടുതല്‍ പരിക്കുകള്‍. ആറുമാസം മുന്‍പ് ജയേഷിനെ വീട്ടില്‍ക്കയറി ആക്രമിച്ചതിന് പിന്നില്‍ മനേഷാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. പ്രതികളായ ജയേഷും കുമരകം കവണാറ്റിന്‍കര സച്ചുവും മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു.

തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വൈദ്യപരിശോധനയ്ക്കുശേഷം ജയേഷിനെയും സച്ചുവിനെയും തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. പ്രദേശത്ത് തടിച്ചുകൂടിയ ആളുകളോട് തനിക്കെതിരേ സാക്ഷി പറയുന്നവരുടെ തലയും കാലും ഇത്തരത്തില്‍ അറക്കുമെന്നും തന്നെ ആക്രമിച്ച കേസിലെ ആറ് പ്രതികളെക്കൂടി വെട്ടിക്കൊല്ലുമെന്നും പൊലീസിന് മുന്‍പില്‍വെച്ച്‌ ഇയാള്‍ ഭീഷണി മുഴക്കി.