തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു; അമ്മയും ഭാര്യയുമടക്കം നാലുപേർ ആശുപത്രിയിൽ ചികിത്സയിൽ; ഭക്ഷവിഷബാധയേറ്റതെന്ന് സൂചന; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ: അവണൂരിൽ ഗൃഹനാഥൻ രക്തം ഛർദ്ദിച്ച് മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയെയും അമ്മയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെയാണ് രക്തം ചർദ്ദിച്ച നിലയിൽ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രക്തം ചർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന ശശീന്ദ്രൻ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ശശീന്ദ്രന് പുറമേ മറ്റു നാലുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് നാലുപേരും ഭക്ഷണം കഴിച്ചിരുന്നു. ഇഡ്ഡലിയാണ് കഴിച്ചത്. ഇതിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ് സംശയം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരികയുള്ളൂ.