Spread the love

കോട്ടയം: വീണ്ടുമൊരു ആമ്പല്‍ വസന്തത്തിലേക്ക് ചുവടുവെച്ച്‌ മലരിക്കല്‍. ഇനി ദിവസങ്ങള്‍ക്കുള്ളില്‍ മലരിക്കല്‍ വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി മാറും.
കൊയ്ത്തുകഴിഞ്ഞ് പാടത്ത് വെള്ളം കയറ്റിയതോടെ മലരിക്കലില്‍ ആമ്പല്‍ വിരിഞ്ഞുതുടങ്ങി.

video
play-sharp-fill

1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്ത് 820 ഏക്കറുള്ള തിരുവായ്ക്കരി പാടത്താണ് ആമ്പല്‍ വിരിഞ്ഞ് തുടങ്ങിയത്. നിലവില്‍ വള്ളത്തില്‍ അരമണിക്കൂറിലേറെ യാത്ര ചെയ്താല്‍ മാത്രമേ കൂടുതല്‍ ആമ്പല്‍ കാണാൻ സാധിക്കൂ. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ കരയില്‍നിന്ന് ഭംഗി ആസ്വദിക്കാനാകുന്ന സ്ഥിതിയിലേക്ക് ഇവിടം മാറും.

കാലം തെറ്റി പെയ്ത മഴ ആമ്പല്‍ ഉത്സവത്തിന് ആശങ്ക സൃഷ്ടിച്ചെങ്കിലും അതിലിപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ആദ്യമുണ്ടായ പൂക്കള്‍ വെള്ളം കയറി നശിച്ചു. ഇപ്പോഴുള്ള മഴ മാറിയാല്‍ ജൂലൈ പകുതിയോടെ ഇവിടം ആമ്പല്‍തോട്ടമാകും.
പൂക്കളാകുന്നതേയുള്ളൂവെങ്കിലും ഫോട്ടോ ഷൂട്ടിനൊക്കെ ആളുകള്‍ എത്തിത്തുടങ്ങി. ആമ്പലുകള്‍ വിരിഞ്ഞ ഇടങ്ങളിലേക്ക് വള്ളത്തില്‍ പോകാൻ നിലവില്‍ 1000 രൂപയെങ്കിലും നല്‍കേണ്ടതുണ്ട്. സീസണായാല്‍ അതില്‍ മാറ്റം വരുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലരിക്കല്‍ ആമ്പല്‍ വസന്തം പ്രദേശവാസികള്‍ക്കും വരുമാനമാർഗമാണ്. വള്ളക്കാർക്കും പൂക്കള്‍ പറിച്ച്‌ വില്‍പന നടത്തുന്നവർക്കും സന്ദർശകർക്ക് ലഘുഭക്ഷണവും പാനീയവും വില്‍പന നടത്തുന്നവർക്കുമെല്ലാം സീസണ്‍ ആശ്വാസമാണ്.

ഒന്നര കിലോമീറ്റർ റോഡ് വശത്ത് ആമ്പല്‍ പൂവിട്ട് നില്‍ക്കുന്നതാണ് സീസണ്‍ സമയത്ത് സഞ്ചാരികള്‍ കാണുന്നത്. അത് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടമാണ്. അവിടെ ഇപ്പോള്‍ പൂക്കളായിട്ടില്ല. അതിന് എതിർവശത്താണ് പൂക്കളുള്ളത്. തിരുവായ്ക്കരി പാടശേഖരത്തിലെത്തിയാല്‍ പൂക്കള്‍ കാണാം. വള്ളത്തില്‍ അരമുക്കാല്‍ മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്താൻ സാധിക്കൂ.

ജൂലൈ, ആഗസ്റ്റ് മാസത്തോടെയാണ് മലരിക്കലില്‍ ആമ്പല്‍ സീസണ്‍ ആരംഭിക്കുന്നത്. ഒക്ടോബറില്‍ കൃഷി സീസണ്‍ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച്‌ നെല്ല് വിതക്കും. വള്ളത്തിന്റെ നിരക്ക് അടക്കമുള്ളവ സീസണ്‍ സമയമാകുമ്ബോഴേക്കും പ്രഖ്യാപിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മഴക്കാലമായതിനാല്‍ പാടശേഖരത്തില്‍ വെള്ളം ഉയർന്നു. മഴ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചു മാത്രമേ പാടശേഖരത്തിലേക്ക് ഇറങ്ങാവൂയെന്നും പ്രദേശവാസികള്‍ പറയുന്നു.

എങ്ങനെ മലരിക്കല്‍ എത്താം
കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കല്‍ കവലയില്‍ എത്തി തിരുവാർപ്പ് റോഡില്‍ പ്രവേശിച്ച്‌ കാഞ്ഞിരം ജങ്ഷഷനില്‍ എത്തുക.
അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ യാത്ര ചെയ്താല്‍ മലരിക്കലില്‍ എത്താം. അവിടെനിന്ന് മുന്നോട്ടുപോയാല്‍ നിലവില്‍ പൂക്കളുള്ള തിരുവായ്ക്കരി പാടത്തും എത്താനാകും